മസ്കത്ത്: മസ്കത്ത്-സലാല റോഡിൽ അപകടങ്ങൾ തുടരുന്നു. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അപകടത്തിൽപ്പെട്ടവരെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഒരാൾ ഗുരുതരാവസ്ഥയിലാണെന്ന് ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗം അധികൃതർ വ്യക്തമാക്കി. ഇതേ റൂട്ടിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ നിസ്സാര പരിക്കുകളോടെ രണ്ടുപേരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ട്രാഫിക് അപകടങ്ങൾ മൂലമുണ്ടാകുന്ന കാര്യങ്ങൾ കൈകാര്യംചെയ്യാൻ തങ്ങളുടെ അത്യാഹിത വിഭാഗ ടീം ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് ഹൈമ ഹോസ്പിറ്റൽ നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞവർഷം അൽ വുസ്ത ഗവർണറേറ്റിൽ 85 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഖരീഫ് സീസണിൽ സഞ്ചാരികളുടെ ഒഴുക്കിനായിരുന്നു ദോഫാർ സാക്ഷ്യം വഹിച്ചിരുന്നത്. സന്ദർശകരിൽ ഭൂരിഭാഗവും റോഡ് മാർഗമാണ് ഇവിടേക്ക് എത്തുന്നത്. മുന്നറിയിപ്പുകളും നിർദേശങ്ങളും പ്രതിരോധ നടപടികളും അവഗണിക്കുന്നതാണ് അപകടത്തിലേക്ക് പലപ്പോഴും നയിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മണിക്കൂറിൽ 10 കിലോമീറ്റർ വേഗം കുറച്ചാൽ അപകടങ്ങളുടെ സാധ്യത 20 ശതമാനവും പരിക്കുകളുടെ എണ്ണം 30 ശതമാനവും മരണസംഖ്യ 40 ശതമാനവും കുറക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ റോയൽ ഒമാൻ പൊലീസ് പ്രത്യേക ചെക്ക്പോസ്റ്റുകളും പട്രോളിങ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റവരെ അടിയന്തരമായി കൊണ്ടുപോകേണ്ട സാഹചര്യങ്ങളിൽ പറക്കുന്ന ആംബുലൻസുകൾ നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് പൊലീസ് ഏവിയേഷനും രംഗത്തുണ്ട്. ദോഫാർ ഗവർണറേറ്റിലേക്കുള്ള എല്ലാ സന്ദർശകരും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും വേഗപരിധിയും പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. രാത്രിയിൽ തെരുവു മൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. മരുഭൂമിക്ക് സമീപമുള്ള റോഡുകളിൽ മണൽ അടിഞ്ഞുകൂടുന്നതും പതിവാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.