മസ്കത്ത്: പ്രത്യേക മെഡിക്കൽ കാരണങ്ങളില്ലാതെ കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി. സ്വകാര്യ സ്ഥാപനങ്ങൾക്കും സമാനമായ നടപടി സ്വീകരിക്കാവുന്നതാണെന്നും സുപ്രീംകമ്മിറ്റി വാർത്ത സമ്മേളനത്തിൽ സംസാരിക്കവേ ഡോ. അൽ സഈദി വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 19.36 ലക്ഷം ഡോസ് വാക്സിനാണ് ഒമാനിൽ ലഭിച്ചത്. 12.66 ലക്ഷം പേർക്കാണ് ഇതുവരെ വാക്സിനേഷൻ നടത്തിയത്. മുൻഗണനപ്പട്ടികയിലുള്ളവരുടെ 36 ശതമാനമാണ് ഇതെന്നും ആരോഗ്യ മന്ത്രി ഡോ. അൽ സഈദി പറഞ്ഞു. ആഗസ്റ്റ്അവസാനത്തോടെ മുൻഗണനപ്പട്ടികയിലുള്ളവരുടെ 70 ശതമാനം വരെയുള്ളവർക്ക് ഒരു ഡോസ് എങ്കിലും വാക്സിൻ നൽകുകയാണ് ലക്ഷ്യം. രണ്ടാം തരംഗത്തിൽ രോഗബാധിതരുടെ എണ്ണം ഉയർന്നെങ്കിലും റമദാനിലെ അടച്ചിടലിനെ തുടർന്ന് കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. പെരുന്നാൾ സമയത്തെ സമ്പൂർണ അടച്ചിടൽ വഴി രോഗബാധയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഫാറിൽ റമദാൻെറ ആദ്യ പകുതിയിൽ ഐ.സി.യു കേസുകളടക്കം ഏറെ വർധിച്ചു. പിന്നീട് അടച്ചിടൽ അടക്കം കടുത്ത നടപടികൾ കൈക്കൊണ്ടതിനെ തുടർന്ന് രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. ജനങ്ങളുടെ ജീവൻെറ സുരക്ഷിതത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് സുപ്രീംകമ്മിറ്റി ഓരോ തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും ഡോ. അൽ സഈദി പറഞ്ഞു. ഖരീഫ് സീസണിൽ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കാത്ത പക്ഷം സലാലയിലെ ആരോഗ്യ സംവിധാനം പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
പെരുന്നാൾ അവധി ദിവസങ്ങളിലല്ലാതെ സമ്പൂർണ അടച്ചിടൽ ഉണ്ടാകില്ലെന്നും ഡോ. അൽ സഈദി പറഞ്ഞു. പെരുന്നാൾ അവധിയിലെ ലോക്ഡൗൺ സമയത്ത് കോവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കില്ല. ചില രാജ്യങ്ങൾ അംഗീകൃത വാക്സിനുകൾ ഇടകലർത്തി നൽകാൻ തുടങ്ങിയിട്ടുണ്ട്. ഇതു ശാസ്ത്രീയമായി നിരോധിക്കപ്പെട്ടതല്ല. ഉപകാരപ്രദമാണെന്ന് സാങ്കേതിക കമ്മിറ്റി കണ്ടെത്തുന്ന പക്ഷം ഒമാനും ഈ രീതി പിൻതുടരുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
വിദേശികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനം നിലവിലുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ബഹുഭൂരിപക്ഷം കമ്പനികളും ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് ജീവനക്കാർക്കായി വാക്സിനുകൾ സ്റ്റോക്ക് ചെയ്ത് നൽകിവരുന്നുണ്ട്. മുൻഗണനപ്പട്ടികയിലുള്ള ആരെയും വാക്സിനേഷനിൽനിന്ന് ഒഴിവാക്കില്ല. ദോഫാറിൽ വാക്സിൻ സ്റ്റോക്ക് ചെയ്യാത്ത കമ്പനികളിലെ വിദേശികൾക്ക് കുത്തിവെപ്പ് നൽകിയിട്ടുണ്ടെന്നും ഡോ. അൽ സഈദി പറഞ്ഞു. വാക്സിനേഷന് സ്വന്തം ക്ലിനിക്കുകളോ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തവർക്ക് ആരോഗ്യ മന്ത്രാലയത്തിൻെറയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ സഹായം തേടവുന്നതാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. വാക്സിൻ സ്വീകരിക്കുന്നവർക്ക് ക്വാറൻറീൻ ഇളവടക്കം ആനുകൂല്യങ്ങൾ നൽകാനുള്ള തീരുമാനം ഒമാനിൽ വാക്സിനേഷൻ നിരക്ക് 50 ശതമാനം പിന്നിട്ട ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ. ബലി പെരുന്നാളുമായി ബന്ധപ്പെട്ട സാധനങ്ങൾ ഭാഗിക ലോക്ഡൗൺ സമയത്ത് ഡെലിവറി സേവനങ്ങൾ വഴി വീടുകളിൽ എത്തിക്കുന്നതിൻെറ സാധ്യതകൾ പഠിച്ചുവരുകയാണെന്നും ഡോ. അൽ സഈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.