മസ്കത്ത്: ഭക്ഷണങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യ സ്ഥാപനങ്ങൾ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധന കാമ്പയിനുകളുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഭക്ഷ്യ സ്ഥാപനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് ഈ കാമ്പയിനുകൾ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് അഫയേഴ്സിന്റെ ഫുഡ് ആൻഡ് ലബോറട്ടറീസ് ഡിപ്പാർട്ട്മെൻറിലെ മസ്കത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു.
ഭക്ഷ്യ ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിനും സൂക്ഷിക്കുന്നതിനും തയാറാക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഈ കാമ്പയിനുകളിലൂടെ ഉറപ്പാക്കും. രണ്ട് ഘട്ടങ്ങളായാണ് കാമ്പയിനുകളെ തിരിച്ചിരിക്കുന്നത്.
ഇതിൽ ഒന്നാമത്തേത് പതിവായി ഉപയോഗിക്കുന്ന ഉൽപന്നങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന് റമദാന് മുന്നോടിയായുള്ള ഭക്ഷ്യ സംഭരണശാലകളിലെ പരിശോധനയായിരുന്നു. രണ്ടാമത്തേത് റമദാൻ ആരംഭം മുതൽ തുടർച്ചയായി സെൻട്രൽ മാർക്കറ്റുകൾ, മൾട്ടി ആക്ടിവിറ്റി സ്റ്റോറുകൾ, പച്ചക്കറികൾ, പഴങ്ങൾ, ഈത്തപ്പഴം, കാപ്പി, പരിപ്പ്, മാംസം, കോഴി, മധുരപലഹാരങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന കച്ചവടക്കാർ തുടങ്ങിയവരെ ലക്ഷ്യമിട്ട് പരിശോധനകൾ നടത്തും.
റമദാനിലെ വർധിച്ചുവരുന്ന ഉപഭോക്തൃ പ്രവർത്തനങ്ങളിൽ ആരോഗ്യ നിലവാരം നിലനിർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമണ് ഇതിലൂടെ അധികൃതർ ഉദ്ദേശിക്കുന്നത്. ഇഫ്താർ ഭക്ഷണം തയാറാക്കുന്ന സ്ഥാപനങ്ങളിലേക്കും പ്രത്യേക പരിശോധനാ സംഘങ്ങൾ സമഗ്രമായ പരിശോധനകൾ നടത്തും. സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി വിശകലനം നടത്തുന്നതും കാമ്പയിനിന്റെ പരിധിയിൽ വരും.
റമദാനിൽ വറുത്ത ഭക്ഷണങ്ങൾ ഗണ്യമായി ഉപയോഗിക്കും. അതിനാൽ ഇതിനായി ഉപയോഗിക്കുന്ന എണ്ണകളുടെ ഗുണനിലവാരം നിരീക്ഷിക്കാനും മുനിസിപ്പാലിറ്റി പദ്ധതിയിടുന്നുണ്ട്. പരിശോധനയിൽ ഭക്ഷണം സൂക്ഷിക്കുന്നതും തയാറാക്കുന്നതുമായ സ്ഥലങ്ങൾ, പാചക രീതികൾ എന്നിവയും നിരീക്ഷിക്കും.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും റമദാനിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ശ്രമവുമാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം മവേലയിലെ സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റ് ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചിരുന്നു.
റമദാൻ കാർഷികോൽപന്നങ്ങളുടെ ലഭ്യത, വിലസ്ഥിരത, പ്രാദേശിക ഉൽപന്നങ്ങൾക്ക് മുൻഗണന എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മറ്റുമായിരുന്നു പരിശോധന നടത്തിയിരുന്നത്.
കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് നാസർ അൽ ബക്രി, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ സുലൈം ബിൻ അലി ബിൻ സുലൈം അൽ ഹക്മാനി, ,മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാനും ഒമാനി അഗ്രികൾച്ചറൽ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹമീദി, ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.