മസ്കത്ത്: ദോഹയിൽ നടന്ന ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 41ാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രാലയമാണ് സംബന്ധിച്ചത്. മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് സംയുക്ത ജി.സി.സി സുരക്ഷ സഹകരണത്തിന്റെയും സുരക്ഷ മേഖലകളിലെ ഫലപ്രദമായ ഏകോപനത്തിന്റെയും പാത വർധിപ്പിക്കുന്നതിന് ഒന്നിലധികം വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചത്.
മുൻ സെഷന്റെ പ്രസിഡൻറ് സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സുരക്ഷ സഹകരണം വർധിപ്പിക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയ പ്രവർത്തനങ്ങൾക്ക് ഖത്തർ ആഭ്യന്തര മന്ത്രിയും നിലവിലെ സെഷന്റെ പ്രസിഡന്റുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി ഒമാന് നന്ദി അറിയിച്ചു.
1981ൽ ജി.സി.സി ബ്ലോക്ക് സ്ഥാപിതമായതുമുതൽ, മേഖലയുടെ സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാന സ്തംഭമെന്ന നിലയിൽ സംയുക്ത സുരക്ഷ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിൽ മുൻകാല നേതാക്കൾ ഉൾക്കാഴ്ചയുള്ള വീക്ഷണവും തന്ത്രപരമായ വിവേകവും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം ബിൻ മുഹമ്മദ് അൽ ബുദൈവി പ്രസംഗത്തിൽ പറഞ്ഞു. ജി.സി.സി.യുടെ എല്ലാ മേഖലകളിലും സുരക്ഷ ഏജൻസികൾ തമ്മിലുള്ള വിപുലമായ സഹകരണത്തിലും സംയുക്ത പ്രവർത്തനത്തിലും ആഭ്യന്തര മന്ത്രിമാർ അഭിമാനം പ്രകടിപ്പിച്ചു. സംയുക്ത സുരക്ഷ സഹകരണവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിഷയങ്ങളും ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്ത ശ്രമങ്ങളിലും സംരംഭങ്ങളിലും സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിനുള്ള വഴികളും ആഭ്യന്തര മന്ത്രിമാർ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.