എയർ ഇന്ത്യ കണ്ണൂർ-മസ്കത്ത്​ സർവിസ്​ 21 മുതൽ

സുഹാർ: മലബാർ മേഖലയിലെ യാത്രക്കാർക്ക്​ ആശ്വാസമായി​ എയർ ഇന്ത്യ ജൂൺ 21ന് കണ്ണൂരിൽനിന്ന് ഒമാനിലേക്ക് സർവിസ് ആരംഭിക്കുന്നു. കണ്ണൂരിൽനിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 12.20ന് മസ്കത്തിൽ എത്തും. മസ്കത്തിൽനിന്ന്​ വൈകീട്ട് 4.30ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 9.30ന് കണ്ണൂരിൽ ഇറങ്ങും. ആഴ്ചയിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്ന്​ വീതം സർവിസാകും ഉണ്ടാവുക.

എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്​റ്റ്​ എന്നീ വിമാന കമ്പനികൾക്കാണ് നിലവിൽ കണ്ണൂരിലേക്ക് സർവിസുള്ളത്. എയർ ഇന്ത്യ മുമ്പ്​ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിനിന്ന്​ ഒമാനിലേക്ക് സർവിസ് നടത്തിയിരുന്നെങ്കിലും തിരുവനന്തപുരം സർവിസ് നിർത്തലാക്കിയിരുന്നു. നിലവിൽ കൊച്ചിയിൽനിന്ന് മാത്രമാണ്​ സർവിസുള്ളത്​.

എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം നിരവധി പരിഷ്കാരങ്ങൾ വരുത്തിവരികയാണ്. അതിന്റെ ഭാഗമായാണ് സർവിസ് വർധിപ്പിക്കുന്നതെന്നാണ്​ ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്​. കണ്ണൂർ എയർപോർട്ടിൽ ആധുനിക സൗകര്യങ്ങൾ ഉണ്ടെങ്കിലും കൂടുതൽ അന്താരാഷ്ട്ര സർവിസുകൾ ആരംഭിച്ചിട്ടില്ല.

എയർ ഇന്ത്യ കണ്ണൂരിൽനിന്ന് പറക്കാൻ ആരംഭിക്കുമ്പോൾ പഴയ പ്രവാസികൾക്ക് ഓർമകൾ അയവിറക്കാനുള്ള അവസരം കൂടിയാണ്. ആദ്യകാലങ്ങളിൽ പ്രവാസികൾ മുംബൈയിൽനിന്ന് ഏറ്റവും കൂടുതൽ യാത്രചെയ്തത് എയർ ഇന്ത്യ ​​​വിമാനത്തിലായിരുന്നു. പിന്നീട് നിരവധി വിമാന കമ്പനികൾ ബജറ്റ് വിമാനങ്ങളിലേക്ക് തിരിഞ്ഞതോടെ ടിക്കറ്റ് നിരക്കിലെ കുറവ് അനുകൂലമാക്കി പ്രവാസികൾ എയർ ഇന്ത്യ എക്സ്പ്രസ് പോലുള്ള ചെലവ് കുറഞ്ഞ യാത്ര സ്വീകരിച്ചു. എയർ ഇന്ത്യ സർവിസ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമാണ് കണ്ണൂരിൽനിന്ന് സർവിസ് ആരംഭിക്കാൻ പോകുന്നത്.

Tags:    
News Summary - Air India Kannur-Muscat service from June 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.