മസ്കത്ത്: ഖരീഫ് സീസൺ ആരംഭിച്ചതോടെ സലാലയിലേക്ക് വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് കുറക്കാനും സർവിസുകൾ വർധിപ്പിക്കാനും ശ്രമിക്കുമെന്ന് വ്യോമയാന വകുപ്പ്. ബജറ്റ് എയർലൈനായ സലാം എയറിന്റെ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദിന്റെ പ്രസ്താവനയോട് പ്രതികരിച്ചാണ് വകുപ്പ് ഇക്കാര്യം അറിയിച്ചത്.
ഓരോ 50 റിയാൽ നിരക്കുള്ള ടിക്കറ്റിൽ നിന്നും 20 റിയാൽ നികുതിയായി നൽകേണ്ടിവരുന്നതിനാൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താനാകില്ലെന്നായിരുന്നു സി.ഇ.ഒയുടെ പ്രസ്താവന. ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സലാം എയർ മാനേജ്മെന്റുമായി പ്രസ്താവനയുടെ കാരണങ്ങൾ അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മസ്കത്തിനും സലാലക്കുമിടയിൽ ഒരു യാത്രക്കാരന് 8.87 റിയാലാണ് ഫീസായി ജൂലൈ മാസത്തിൽ ഈടാക്കിയതെന്നും നിരക്ക് വിശകലനം ചെയ്ത് അധികൃതർ വ്യക്തമാക്കി. വ്യോമയാന വകുപ്പിനുള്ള ഈ ഫീസിൽ എയർ നാവിഗേഷൻ ചാർജ്, ഡിപാർചർ ഫീസ്, ഒമാൻ എയർപോർട്ട് കമ്പനിയുടെ ഫീസ് എന്നിവ ഉൾപ്പെടുമെന്നും അതോറിറ്റി വ്യക്തമാക്കി. വിവിധ സേവനങ്ങൾ നൽകുന്നവർക്കായി വിമാനക്കമ്പനികൾ നിശ്ചയിക്കുന്ന പ്രവർത്തന ചെലവുകളിൽ ഇടപെടാറില്ലെന്നും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനികളുടെ സാന്നിധ്യം ചെലവ് കുറക്കാൻ സഹായിക്കുന്നതാണെന്നും വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.