മസ്കത്ത്: വിമാന ടിക്കറ്റ് എടുക്കുകയും കോവിഡ് പ്രതിസന്ധിയിൽ യാത്ര ചെയ്യാനാവാതെ വരുകയും ചെയ്തവർക്ക് ടിക്കറ്റിെൻറ തുക തിരികെ നൽകണമെന്ന സുപ്രീംകോടതി വിധി വന്നിട്ടും ഇക്കാര്യത്തിൽ വിമാനക്കമ്പനികൾ നടപടിയെടുക്കുന്നില്ലെന്ന് പരാതി. തുക തിരിച്ചുകിട്ടാനായി അപേക്ഷ നൽകുന്നവരോട് പല ഒഴികഴിവുകൾ പറയുകയാണ് കമ്പനികൾ. വിമാന ടിക്കറ്റിെൻറ മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ് സുപ്രീംകോടതി ഈയടുത്ത് വിധി പ്രഖ്യാപിച്ചത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലായിരുന്നു വിധി. വിധി വന്നിട്ടും വിമാനക്കമ്പനികൾ തുടരുന്ന അലംഭാവത്തിനെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് പ്രവാസി ലീഗൽ സെല്ലുമായി ബന്ധപ്പെട്ടവർ.
വിമാന ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്നാണ് കോവിഡിെൻറ ആദ്യഘട്ടത്തിൽ വിമാനക്കമ്പനികൾ അറിയിച്ചിരുന്നത്. എന്നാൽ, വിമാനക്കമ്പനികൾ പിന്നീട് നിലപാട് മാറ്റി. ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്നാണ് പിന്നീട് അറിയിച്ചത്. എന്നാൽ, പല പ്രതിസന്ധികൾമൂലം യാത്ര ചെയ്യാനാവാതിരിക്കുകയും വന്ദേഭാരത് പോലുള്ള പദ്ധതികളിൽ യാത്ര നടത്തുകയും ചെയ്ത പ്രവാസികൾക്ക് നേരത്തേയെടുത്ത വിമാന ടിക്കറ്റിെൻറ തുക തിരിച്ചുകിട്ടാത്ത അവസ്ഥയുണ്ടായി. ഈ ഘട്ടത്തിലാണ് പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുന്നത്.
ലോക്ഡൗൺ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ 15 ദിവസത്തിനകം റീഫണ്ട് നൽകണമെന്നാണ് സുപ്രീംകോടതി വിമാനക്കമ്പനികളോട് ഉത്തരവിട്ടിരിക്കുന്നത്. സാമ്പത്തിക പരാധീനതമൂലം വിമാനക്കമ്പനികൾക്ക് നിലവിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ ഒരു െക്രഡിറ്റ് ഷെല്ലിലേക്ക് തുക മാറ്റിവെക്കണം. യാത്രക്കാരന് വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കണം. യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് ഫെയർ കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകുകയും വേണം. ഇങ്ങനെ മാറ്റിവെക്കുന്ന െക്രഡിറ്റ് ഷെൽ തുകക്ക് നഷ്ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇൻസെൻറിവും അതിന് ശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും യാത്രക്കാരന് നൽകണം.
ഇങ്ങനെ മാറ്റിവെച്ച ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റിനൽകണം. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കിനൽകണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.
2021 മാർച്ച് 31ന് ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റിെൻറ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കും. ഇന്ത്യയിൽനിന്ന് വിദേശ കമ്പനികളുടെ ടിക്കറ്റ് എടുത്തവർക്കും റീഫണ്ട് ബാധകമാണെന്നും കോടതി ഉത്തരവിൽ പറയുന്നു.
എന്നാൽ, ആഴ്ചകളായിട്ടും പല വിമാനക്കമ്പനികളും ഇതിനോട് പുറംതിരിഞ്ഞുനിൽക്കുകയാണ്.
റീഫണ്ട് ആശ്യപ്പെടുന്നവരോട് മുഴുവൻ തുകയും നൽകാനാവില്ല, കാലതാമസമെടുക്കും തുടങ്ങിയ കാരണങ്ങൾ പറയുകയാണ് ചില വിമാനക്കമ്പനികൾ.
എയർ ഇന്ത്യ ഇക്കാര്യത്തിൽ പല രൂപത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.