മസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലെ എയർ ബബ്ൾ കരാർ പ്രകാരമുള്ള സീറ്റുകളുടെ എണ്ണം പുനരവലോകനം ചെയ്യാൻ കാരണമായത് ഒമാനിലേക്ക് വന്ന യാത്രക്കാരിൽ പലർക്കും കോവിഡ് ബാധ കണ്ടെത്തിയത്. ഒരു വശത്തേക്കുള്ള പ്രതിവാര സീറ്റുകൾ 5000മായാണ് കുറച്ചതെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. സീറ്റുകൾ കുറച്ചതിനെ തുടർന്നാണ് സ്വകാര്യ കമ്പനികൾക്ക് അനുമതി നിഷേധിക്കപ്പെട്ടത്. നേരത്തേ ഒരു വശത്തേക്ക് 10,000 യാത്രക്കാർ എന്നതായിരുന്നു കരാറിലെ ധാരണ. ഇതാണ് 5000 ആയി കുറച്ചത്. സാഹചര്യം ചൂണ്ടിക്കാട്ടി യാത്രക്കാരുടെ എണ്ണം കുറക്കുന്നത് സംബന്ധിച്ച അഭ്യർഥന തങ്ങൾ ഇന്ത്യൻ അധികൃതർക്ക് മുന്നിൽ വെക്കുകയായിരുന്നു.
ഇന്ത്യൻ വ്യോമയാന മന്ത്രാലയമാണ് സ്വകാര്യ വിമാന കമ്പനികളോട് സർവിസ് നിർത്തിവെക്കാൻ നിർദേശിച്ചതും അനുവദനീയമായ സീറ്റുകൾ എയർഇന്ത്യക്കും എയർ ഇന്ത്യ എക്സ്പ്രസിനും മാത്രമായി നീക്കിവെച്ചതും. ഒമാനും ഇന്ത്യക്കുമിടയിൽ ഏത് വിമാന കമ്പനികൾ സർവിസ് നടത്തുന്നതിനും തങ്ങൾക്ക് കുഴപ്പമില്ല. ഇതിെൻറ അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ അധികൃതരാണ്. ഇന്ത്യയിലെ ഏത് നഗരത്തിൽ നിന്നും ഒമാനിലേക്ക് സർവിസ് നടത്താം. എന്നാൽ, ഒമാൻ വിമാന കമ്പനികൾക്ക് 11 ഇടങ്ങളിലേക്ക് സർവിസ് നടത്താൻ മാത്രമാണ് അനുമതിയുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സ്വകാര്യ വിമാന കമ്പനികളായ ഇൻഡിഗോയും സ്പൈസ് ജെറ്റും ഗോ എയറുമടക്കം ഒമാനിലേക്കും തിരിച്ചുമുള്ള സർവിസുകൾ നിർത്തലാക്കിയത്. ഇത് ഒമാനിൽനിന്ന് നാട്ടിൽ പോകാനിരുന്നവരെയും ഒമാനിലേക്ക് വരാനിരുന്നവരെയും ബുദ്ധിമുട്ടിലാക്കിയിരുന്നു. വിമാനങ്ങളുടെ എണ്ണം കുറഞ്ഞതിന് ഒപ്പം ടിക്കറ്റ് നിരക്കുകളും ഉയർന്നതിനാൽ പലരും യാത്ര റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.