മസ്കത്ത്: കാൽനട ചെയ്ത് വിശുദ്ധ ഹജ്ജ് നിർവഹിച്ച ബഖീത് സാലിം മുഹമ്മദ് അൽ അംരി മറ്റൊരു ഉദ്യമവുമായി വീണ്ടും കാൽനട യാത്ര തുടങ്ങി. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് 4,200 കിലോമീറ്റർ കാൽനട യാത്രയിലൂടെ ലക്ഷ്യമിടുന്നത്. ദോഫാറിലെ സദായിൽനിന്നുള്ള 58കാരനായ ഇദ്ദേഹം മസ്കത്ത് ഗവർണറേറ്റിലെ സീബ് ക്ലബിൽ നിന്നാണ് യാത്ര തുടങ്ങിയത്.
യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലൂടെയാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. അടുത്ത വർഷം ജനുവരി അവസാനത്തോടെ സൗദി അറേബ്യയിലെ മദീനയിൽ എത്തും. ഇവിടെനിന്നും വിമാനത്തിൽ മസ്കത്തിലേക്ക് മടങ്ങാനുമാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദിവസവും 40 മുതൽ 45 കിലോമീറ്റർ വരെയായിരിക്കും യാത്ര. കാർബൺ ന്യൂട്രാലിറ്റിക്കായുള്ള ഒമാന്റെ 2050 കാഴ്ചപ്പാടിനെ പിന്തുണക്കുക, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, ഫോസിൽ ഇന്ധന ഉപയോഗം കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നടത്തം.
ആധുനിക ജലസേചന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മരങ്ങൾ, പ്രത്യേകിച്ച് ഈന്തപ്പനകൾ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യവും യാത്രയിൽ പ്രചരിപ്പിക്കും. നടത്തവും സാഹസിക കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക, ഒമാനിലെ സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രദർശിപ്പിക്കുക, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ പരിസ്ഥിതി, വന്യജീവി സംരക്ഷണത്തിന് ഊന്നൽ നൽകുക എന്നിവയും ഇദ്ദേഹം യാത്രയുടെ ലക്ഷ്യങ്ങളാണ്.
പത്തുകിലോ ഭാരമുള്ള ബാക്ക്പാക്കുമായാണ് യാത്ര. ഇതിൽ ഒരു ടെന്റ്, സ്ലീപ്പിങ് ബാഗ്, വസ്ത്രങ്ങൾ, പ്രഥമശുശ്രൂഷ സാമഗ്രികൾ, ആശയവിനിമയ ഉപകരണങ്ങൾ, ഫ്ലാഷ്ലൈറ്റ്, കത്തി തുടങ്ങിവയാണുള്ളത്.
ഈ വർഷമാണ് അംരി സലാലയിൽനിന്ന് കാൽനടയായി സഞ്ചരിച്ച് ഹജ്ജ് കർമം നിർവഹിച്ചത്. ഹജ്ജിനും ഉംറക്കുമായി പൂർവികർ കാൽനടയാത്ര നടത്തിയിരുന്ന ദുഷ്കരമായ പാതയിലൂടെ 1,300 കിലോമീറ്റർ സഞ്ചരിച്ചാണ് അദ്ദേഹം പുണ്യഭൂമിയിലെത്തിയത്. അടുത്ത വർഷം ഫെബ്രുവരിയിൽ മസ്കത്തിൽ നിന്ന് സലാലയിലേക്ക് കാൽനടയായി സഞ്ചരിക്കാനും അംരി ആലോചിക്കുന്നുണ്ട്.
അറേബ്യൻ ഉപദ്വീപിലൂടെ 8,000 കിലോമീറ്റർ നടക്കുന്ന ആദ്യ ജി.സി.സി പൗരൻ എന്ന ബഹുമതി നേടുകയെന്നതാണ് ഇദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യം. ഒമാനി സ്പോർട്സിന് സജീവമായ പിന്തുണ നൽകുന്ന സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഇൗദിനോട് നന്ദി പറയുകയാണെന്ന് അംരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.