മസ്കത്ത്: സലാല സന്ദർശിക്കുന്നവരെ ഏറെ ആകർഷിക്കുന്നതാണ് ചരിത്രമുറങ്ങുന്ന അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്. വാരാന്ത്യ അവധി ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെയും വൈകീട്ട് നാലുമുതൽ എട്ടുവരെയുമാണ് സന്ദർശക സമയം. വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ എട്ടുവരെയും സന്ദർശകർക്ക് പ്രവേശനമുണ്ട്. 2000ത്തിലാണ് അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കും കുന്തിരിക്ക മേഖലയുമൊക്കെ യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചത്.
4000 വർഷംമുമ്പ് ഇരുമ്പുയുഗത്തിൽതന്നെ ജനവാസം ഉണ്ടായിരുന്ന മേഖലയാണിത്. ഈ മേഖല സഫർ എന്നാണ് അറിയപ്പെടുന്നത്. ഇതിൽ നിന്നാണ് ദോഫാർ എന്ന പേരുതന്നെ ഉണ്ടായത്. നിരവധി കാരണങ്ങളാൽ ഖോർ റോറി തുറമുഖ നഗരം തകർന്നതോടെയാണ് അൽ ബലീദ് തുറമുഖവും നഗരവും വളരുന്നത്. എ.ഡി എട്ടുമുതൽ 16 വരെയുള്ള നൂറ്റാണ്ടിലാണ് അൽ ബലീദ് വളർച്ചയുടെ ഉന്നതിയിലെത്തുന്നത്. പിന്നീട് എന്തുകൊണ്ടാണ് നഗരം തകർന്നുപോയത് എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. പോർച്ചുഗീസ്, തുർക്കി തുടങ്ങിയ വിദേശ ശക്തികളുടെ കടന്നാക്രമണമായിരിക്കാം നഗരവും സംസ്കാരവും തകർന്നടിയാൻ കാരണമെന്ന് വിശ്വസിക്കുന്നു. പഴയകാലത്തെ ലോകസഞ്ചാരികളായ മാർകോപോളോ, ഇബ്ൻ ബത്തൂത്ത, ഇബ്ൻ മുജാഹിർ തുടങ്ങിയ നിരവധി പ്രമുഖർ അൽ ബലീദ് സന്ദർശിച്ചിരുന്നു. റോമക്കാർ ഈ പ്രദേശത്തെ സഫറ മെട്രോപൊളിസ് എന്നാണ് വിളിച്ചിരുന്നത്. ഒമ്പതുനൂറ്റാണ്ട് കാലത്തോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുന്തിരിക്കവും മറ്റും കയറ്റിയയച്ചിരുന്ന പ്രധാന തുറമുഖമായിരുന്നു അൽ ബലീദ്. പ്രധാനമായും ആഫ്രിക്ക, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലേക്കാണ് അക്കാലത്ത് ഇവിടെനിന്ന് കയറ്റുമതി നടന്നിരുന്നത്.
1952ലാണ് ഈ പ്രദേശത്ത് ഉത്ഖനനം ആരംഭിച്ചത്. 1977 മുതൽ പുരാതന സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിക്കാൻ തുടങ്ങി. 1992ലാണ് കണ്ടെത്തലുകൾ ഏകദേശം പൂർണമായത്. ഇതിനോട് ചേർന്നുകിടക്കുന്ന ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ അൽ ബലീദ് സൈറ്റിൽനിന്ന് ലഭിച്ച ചരിത്രാവശിഷ്ടങ്ങൾ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ജാറുകൾ, എണ്ണ വിളക്കുകൾ, പാത്രങ്ങൾ, സ്ത്രീകളുടെ ആഭരണങ്ങൾ, ചെമ്പ് നാണയങ്ങൾ, ബഹുവർണ ടൈലുകൾ തുടങ്ങിയവ മ്യൂസിയത്തിലുണ്ട്.
5000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മതിലിനുള്ളിലാണ് അൽ ബലീദ് നഗരം നിലകൊണ്ടിരുന്നത്. മതിലിന്‍റെ കൂടിയ ഉയരം 13 മീറ്റർ ആണ്. വലിയ കല്ലുകൾ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇരുമ്പ് യുഗം മുതൽ നഗരത്തിന്റെ നിർമാണം ആരംഭിച്ചതായി കണക്കാക്കുന്നു. അൽ ബലീദിലെ പ്രധാന ആകർഷണം എ.ഡി 950ൽ നിർമിച്ച വലിയ മസ്ജിദാണ്. 1700 ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്തൃതി. മസ്ജിദിന്‍റെ തൂണുകളുടെയും മറ്റും ശേഷിപ്പുകളാണ് ഇപ്പോൾ അൽ ബലീദിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.