മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ 3,45,000 റിയാലിന്റെ സാമൂഹിക പദ്ധതികൾക്ക് തുടക്കംകുറിച്ചു. ജുസൂർ ഫൗണ്ടേഷന്റെ സാമൂഹിക പരിപാടികളുടെ ഭാഗമായുള്ള നാല് പദ്ധതികൾക്കാണ് കഴിഞ്ഞദിവസം തുടക്കമായത്. ഒക്യുവും സുഹാർ അലൂമിനിയവുമാണ് ധനസഹായം നൽകിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ഗവർണറേറ്റ് കാര്യ സെക്രട്ടറി ജനറൽ സയ്യിദ് ഖലീഫ ബിൻ അൽ മർദാസ് അൽ ബുസൈദിയുടെ മേൽനോട്ടത്തിൽ ഷിനാസിലെ അൽഖുറം നാച്ചുറൽ പാർക്കിലായിരുന്നു ചടങ്ങുകൾ.
നോർത്ത് ബത്തിന ഗവർണറും ജുസൂർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനുമായ ശൈഖ് സെയ്ഫ് ബിൻ ഹമിയാർ അൽ മാലിക് അൽ ഷെഹി, ഗവർണറേറ്റില ഉദ്യോഗസ്ഥർ, പദ്ധതിക്ക് ധനസഹായം നൽകിയ കമ്പനികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഷിനാസ് വിലായത്തിൽ 28,000 ചതുരശ്ര മീറ്ററിൽ അൽഖുറം നാച്ചുറൽ പാർക്കിന്റെ വികസനമാണ് ആദ്യപദ്ധതിയിൽ ഉൾപ്പെട്ടത്. രണ്ടു ലക്ഷം റിയാലാണ് പദ്ധതി ചെലവ്.
മൂന്നു കിലോമീറ്റർ നടപ്പാത, ദേശാടനപ്പക്ഷി വ്യൂ പോയന്റ്, കുടുംബവിശ്രമ ഏരിയകൾ, ബാർബിക്യൂ സൈറ്റുകൾ, ജലപാതക്ക് കുറുകെയുള്ള പാലം, പൂന്തോട്ടങ്ങൾ, കഫേ നിർമാണം എന്നിവ വികസന ഭാഗമായി നടപ്പാക്കും. സുവൈഖ് വിലായത്തിലെ അൽഹൈലീനിൽ 2,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന പാർക്കാണ് രണ്ടാമത്തെ പദ്ധതിയിലുള്ളത്. 55,000 റിയാൽ മുതൽമുടക്കിൽ കുട്ടികളുടെ റൈഡുകൾ, കഫേ, ടോയ്ലറ്റുകൾ, ഫാമിലി റെസ്റ്റ് ഏരിയകൾ എന്നിവ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. സുഹാർ അലൂമിനിയമാണ് ധനസഹായം നൽകിയത്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ വിലായത്തുകളിലെ ബീച്ചുകൾ വൃത്തിയാക്കാനുള്ള ഉപകരണങ്ങൾ നൽകുന്നതാണ് മൂന്നാമത്തെ പദ്ധതി. ഈ ഉപകരണങ്ങൾ ഉപയോഗിച്ച് ബീച്ചുകളിലെ മാലിന്യം ശുചീകരിക്കാനും നീക്കംചെയ്യാനും സഹായിക്കും. 40,000 റിയാൽ വരുന്ന പദ്ധതിക്ക് ക്യൂക്യുവാണ് ധനസാഹായം നൽകിയത്.
സുഹാർ വിലായത്തിലെ പൊതുപാർക്കുകൾക്കായി 60 റി റൈഡുകൾ സപ്ലൈ ചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനുമുള്ളതാണ് നാലാമത്തെ പദ്ധതി. 50,000 റിയാൽ ചെലവുവരുന്ന പദ്ധതിക്ക് ക്യൂക്യുവാണ് പണം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.