മസ്കത്ത്: സ്ത്രീ ശാക്തീകരണത്തിന് പുതിയ അധ്യായം എഴുതിച്ചേർത്ത് തനിമ ഒമാൻ വനിത വിഭാഗം തയാറാക്കിയ 'അൽ മുസ്ലിമ: ചരിത്രവും വർത്തമാനവും' മാഗസിൻ പ്രഭാഷകയും സാമൂഹിക പ്രവർത്തകയുമായ പി. റുക്സാന പ്രകാശനം ചെയ്തു. റൂവിയിലെ ഗോൾഡൻ ട്യൂലിപ് ഹെഡിങ് ടണിൽ നിറഞ്ഞ സദസ്സിനെ സാക്ഷ്യയാക്കി നടന്ന ചടങ്ങിൽ ഗൾഫാർ മുഹമ്മദലിയുടെ ഭാര്യ റസിയ മുഹമ്മദലി മാഗസിൻ ഏറ്റുവാങ്ങി. കരുത്തുറ്റ ഈ അക്ഷരങ്ങൾക്ക് നല്ലൊരു സാമൂഹിക നിർമിതി സാധ്യമാവട്ടെയെന്ന് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച തനിമ മുഖ്യ രക്ഷാധികാരി പി.ബി. സലിം പറഞ്ഞു.
പ്രവാചകൻ ആയിഷയെ വിവാഹം ചെയ്ത പ്രായമായിരുന്നു പ്രവാചക നിന്ദക്ക് കാരണമെങ്കിൽ ചരിത്രത്തിൽ ധാരാളം നവോത്ഥാന നായകരെ നമ്മൾ ഇത്തരത്തിൽ വിമർശിക്കേണ്ടി വരുമെന്ന് മഖ്യപ്രഭാഷണം നിർവഹിച്ച പി. റുക്സാന പറഞ്ഞു. പ്രവാചകനിന്ദക്ക് പ്രചോദനം ഇസ്ലാമോഫോബിയയാണ്. ഇത്തരം പുകമറകൾ നീക്കാൻ സഹായിക്കുന്നതിനാൽ പ്രവാസി വനിതകളുടെ മഹത്തായ ഈ ഉദ്യമം ഏറെ പ്രശംസ അർഹിക്കുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.
മുസ്ലിം സ്ത്രീയുടെ അസ്ഥിത്വവും വ്യക്തിത്വവും ആത്മാഭിമാനവും ചോദ്യംചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ, നമ്മുടെ സ്വത്വം തിരിച്ചറിഞ്ഞ് സ്വയം സംസ്കരണത്തിന് തയാറാവേണ്ടതുണ്ടെന്നും മുസ്ലിം സ്ത്രീയുടെ ചരിത്ര വർത്തമാനങ്ങളെ മുൻനിർത്തിയ ഈ കൃതി സ്ത്രീ ശാക്തീകരണത്തിന്റെ ഒരു കാൽവെപ്പ് കൂടിയാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച തനിമ വനിത വിഭാഗം പ്രസിഡന്റ് സഫിയ ഹസ്സൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സ്കൂൾ മുളദ്ദ അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഷീജ അബ്ദുൽ ജലീൽ, ഇന്ത്യൻ സ്കൂൾ ദാർസൈത്ത് അധ്യാപിക നൂർജഹാൻ നാസർ, യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അൈപ്ലഡ് സയൻസിലെ െലക്ചറർ എം.എ. നിഷ എന്നിവരും സംസാരിച്ചു. തനിമ ഒമാൻ വനിത വിഭാഗം സംഘടിപ്പിച്ച വിഡിയോ എഡിറ്റിങ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. സൗദ നസീബ് ഖിറാഅത്ത് നടത്തി. പ്രോഗ്രാം കൺവീനർ സഹല അബ്ദുൽ ഖാദർ സ്വാഗതവും തനിമ വനിത സെക്രട്ടറി ഷബീറ ഷക്കീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.