മസ്കത്ത്: അംഗോള പ്രസിഡന്റ് ജോവോ ലോറെൻകോയുടെ ഒമാൻ സന്ദർശനത്തിന് തുടക്കമായി. റോയൽ വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെയും ഭാര്യയെയും പ്രതിനിധി സംഘത്തെയും ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ഹിലാൽ അൽ ബുസൈദി സ്വീകരിച്ചു.
ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽസലാം മുഹമ്മദ് അൽ മുർഷിദി, ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അൽ മഹ്റൂഖി, സാമ്പത്തിക മന്ത്രി (മിഷൻ ഓഫ് ഓണർ തലവൻ) ഡോ. സഈദ് മുഹമ്മദ് അൽ സഖ്രി, ഒമാനിലെ അംഗോള നോൺ-റസിഡന്റ് അംബാസഡർ ഡോ. ഫ്രെഡറിക്കോ കാർഡോസോ തുടങ്ങിയവരും സ്വീകരണ സംഘത്തിലുണ്ടായിരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖുമായും കൂടിക്കാഴ്ച നടത്തി.
പ്രാദേശിക അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറിയ ഇരുവരും സഹകരണ വശങ്ങളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്നതിനുമായി ഖനനം, കൃഷി, ഭക്ഷ്യസുരക്ഷ, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, ശുദ്ധമായ ഊർജം എന്നീ മേഖലകളിൽ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും നിക്ഷേപത്തിന്റെയും മേഖലകൾ അവലോകനം ചെയ്തു.
ധനകാര്യ മന്ത്രി വെരാ എസ്പെരാൻക ഡോസ് സാന്റോസ്, ധാതു വിഭവശേഷി, എണ്ണ, വാതക മന്ത്രി,ഡയമാന്റിനോ പെഡ്രോ അസെവെഡോ, ടെലികമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി, സോഷ്യൽ കമ്യൂണിക്കേഷൻ മന്ത്രി മാരിയോ അഗസ്റ്റോ ഡ സിൽവ ഒലിവേര, പ്രസിഡൻസിയിലെ ചീഫ് ഓഫ് സ്റ്റാഫ്, ഒമാനിലെ അംഗോളൻ നോൺ റെസിഡന്റ് അംബാസഡർ എഡൽട്രൂഡ്സ് കോസ്റ്റ ലോറൻസോ എന്നിവർ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.