മസ്കത്ത്: സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ വേതന സംരക്ഷണ സംവിധാനം (ഡബ്ല്യു.പി.എസ്) വഴി ശമ്പളം കൈമാറുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നടപടി ശക്തമാക്കി തൊഴിൽ മന്ത്രാലയം. നിശ്ചിത തൊഴില്‍ കാലയളവ് പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിനുള്ളില്‍ ഉനി ബാങ്കുകള്‍ വഴി ശമ്പളം കൈമാറണമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തേ ഏഴ് ദിവസം വരെ സമയം അനുവദിച്ചിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം നൽകുന്നത് നിരീക്ഷിക്കുക, തൊഴിൽ കരാറിൽ സമ്മതിച്ചതുപോലെ തൊഴിലുടമകൾ കൃത്യസമയത്ത് വേതനം കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഡബ്ല്യു.പി.എസിലൂടെ ലക്ഷ്യമിടുന്നത്.
ഡബ്ല്യു.പി.എസ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലോ നടപ്പാക്കുന്നതിലോ വീഴ്ച വരുത്തിയ 1,86,817 സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നു. വലിയ വീഴ്ചകളുണ്ടായ 57,396 സ്ഥാപനങ്ങള്‍ക്ക് നേരിട്ടും മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ബാങ്കുകൾ വഴിയോ അല്ലെങ്കിൽ സേവനം നൽകാൻ അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധനം ഒരുക്കിയിരിക്കുന്നത്.
തൊഴിലാളികളുടെ ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിലൂടെ കമ്പനികൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതാണിത്. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ കൃത്യമായ ഡേറ്റബേസ് സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കരണത്തിന്റെ സുപ്രധാന ഘടകമായി ഡബ്ല്യു.പി.എസിനെ കണക്കാക്കുന്നു. ഈ സംവിധാനം സുസ്ഥിരമായ തൊഴിലുടമ-തൊഴിലാളി ബന്ധം പ്രോത്സാഹിപ്പിക്കുകയും ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെയ്യും. വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറക്കാനും സഹായിക്കും.
തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ ഏഴ് ദിവസത്തിനുള്ളിൽ ബാങ്കുകളിലേക്ക് മാറ്റാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളികളുടെ വേതനത്തിൽ എന്തെങ്കിലും മാറ്റം വരുമ്പോൾ തൊഴിലുടമ മന്ത്രാലയവുമായുള്ള തൊഴിൽ കരാറുകൾ അപ്ഡേറ്റ് ചെയ്യുകയും വേണം. എന്നാൽ ചില സന്ദർഭങ്ങളിൽ ഡബ്ല്യു.പി.എസിലൂടെ തൊഴിലാളിയുടെ വേതനം കൈമാറ്റം ചെയ്യുന്നതിൽനിന്ന് തൊഴിലുടമയെ ഒഴിവാക്കിയിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു.
തൊഴിലാളിയും ഉടമയും തമ്മിലുള്ള തൊഴിൽ തർക്കവും (ജുഡീഷ്യൽ) അത് തൊഴിലാളിയുടെ ജോലി നിർത്തുന്നതിന് കാരണമാകുകയും ചെയ്യുക, നിയമപരമായ സാധുതയില്ലാതെ തൊഴിലാളി സ്വമേധയാ ജോലി ഉപേക്ഷിക്കുക, ജോലി ആരംഭിച്ച തീയതി മുതൽ 30 ദിവസം പൂർത്തിയാക്കാത്ത പുതിയ തൊഴിലാളികൾ, ശമ്പളമില്ലാതെ അവധിയിൽ കഴിയുന്ന തൊഴിലാളികൾ. അതേസമയം, തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച വേതന സംരക്ഷണ സംവിധാനത്തിന്റെ (ഡബ്ല്യു.പി.എസ്) മാർഗനിർദേശങ്ങൾ പാലിക്കാത്ത 57,398 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഡബ്ല്യു.പി.എസ് സംവിധാനം നടപ്പാക്കിയിട്ട് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം മുന്നറിയിപ്പുമായി എത്തിയിരുന്നത്. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കിൽ 50 റിയാൽ പിഴ ചുമത്തും. ആദ്യം മുന്നറിയിപ്പും പ്രാരംഭ വർക്ക് പെർമിറ്റ് നൽകുന്ന സേവനവും താൽക്കാലികമായി നിർത്തിവെക്കും. പിന്നീടാണ് പിഴ ചുമത്തുക. തെറ്റ് ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.