മസ്കത്ത്: ദോഫാർ ഗവർണറേറ്റടക്കമുള്ള തീരങ്ങളിൽ മത്തി മത്സ്യബന്ധന സീസണിന് ഔദ്യോഗികമായി തുടക്കമായി. ഒമാനിലെ മത്തി പ്രേമികള്‍ക്കിനി സുലഭമായി മത്തി ലഭിക്കും. വരും ദിനങ്ങളില്‍ മത്സ്യവിപണി കീഴടക്കാന്‍ കൂടുതല്‍ മത്തിയെത്തും.
‘അൽ ജാരിഫ്’ എന്ന പരമ്പരാഗത മത്സ്യബന്ധന വലകൾ ഉപയോഗിച്ചാണ് മീൻ പിടിക്കുന്നത്. സംഘടിതമായാണ് മത്സ്യബന്ധനത്തിലേർപ്പെടാറുള്ളത്. ഇങ്ങനെ സംഘടിതമായി പ്രവർത്തിക്കുന്നതിനെ ‘അൽ-ദാഗിയ’ എന്നാണറിയപ്പെടുക. സങ്കീർണമായ ഈ പ്രക്രിയക്ക് മേൽനോട്ടം വഹിക്കുക പരിചയസമ്പന്നരായ ആളുകളാണ്.
‘സൈഫ’ എന്ന് വിളിക്കുന്ന കയറുകളിൽനിന്ന് ‘ഗ്രീഫ്’ എന്ന ആധുനിക വലകളിലേക്കുള്ള മാറ്റം മത്സ്യബന്ധനത്തിൽ വന്ന പരിവർത്തനത്തെ സൂചിപ്പിക്കുന്നതാണെന്ന് മുതിർന്ന മത്സ്യത്തൊഴിലാളിയായ സലേം ബിൻ സയീദ് അൽ ബറക പറഞ്ഞു. നെയ്തെടുക്കുന്ന ഈ വലകൾക്ക് ഏകദേശം 100 മീറ്റർ നീളമുണ്ടാകും. പ്രവർത്തിക്കാൻ 40 തൊഴിലാളികൾ വരെ ആവശ്യമാണ്. മികച്ച മുന്നൊരുക്കങ്ങളും ഉപകരണങ്ങളും മറ്റും അറ്റകുറ്റപ്പണി നടത്തിയുമാണ് സീസണിനെ വരവേൽക്കാൻ ഒരുങ്ങുക. ശരത്കാലത്തിനുശേഷമുള്ള ഉയർന്ന തിരമാലകൾ പോലുള്ള വെല്ലുവിളികൾക്കിടയിലും, ദോഫാറിലെ മത്സ്യബന്ധന സമൂഹങ്ങളുടെ ഉപജീവനത്തിന് മത്തി അത്യന്താപേക്ഷിതമാണെന്ന് യുവ മത്സ്യത്തൊഴിലാളിയായ ഹാനി ബിൻ സലേം ബാത്മി പറഞ്ഞു.
എല്ലാ വർഷവും ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് സലാല തീരത്ത് മത്തിയുടെ സീസൺ ആരംഭിക്കുന്നത്. പടിഞ്ഞാറ് റെയ്സ്യൂത്തിനും കിഴക്ക് മിർബാത്തിനും ഇടയിലുള്ള കടൽത്തീരത്താണ് മത്തിക്കൂട്ടങ്ങളെ കൂടുതലായി കാണപ്പെടുന്നത്.
മത്തി മത്സ്യബന്ധനം നടത്തുക ഒരു ക്യാപ്റ്റന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളായിട്ടാണ്. ഓരോ ഗ്രൂപ്പിലും 20 മുതൽ 30വരെ അംഗങ്ങളാണുണ്ടാവുക. കഴിവും കൃത്യതയും ക്ഷമയും ആവശ്യമുള്ള കഠിനജോലിയാണ് മത്തിപിടിത്തം. മത്തി ശേഖരിക്കുന്ന സ്ഥലം കണ്ടെത്തുക, വല എറിയുക, വാഹനങ്ങളിൽ കയറ്റുന്നതിന് മുമ്പ് കരയിലേക്ക് മാറ്റുക എന്നിവ ഉൾപ്പെടെ നിരവധി ഘട്ടങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്.
ഇങ്ങനെ പിടിച്ചെടുക്കുന്ന മത്സ്യ മാർക്കറ്റിലോ കാലികൾക്ക് തീറ്റ കൊടുക്കുന്ന മാർക്കറ്റിലോ ആണ് വിൽക്കുന്നത്. മത്തി സീസൺ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മത്സ്യബന്ധന മേഖലയുടെ മൊത്തത്തിലുള്ള വളർച്ചക്ക് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ടെന്ന് മത്സ്യമേഖലയിലുള്ളവർ പറഞ്ഞു. മത്തി സീസണിൽ നിരവധി വിനോദസഞ്ചാരികൾ മത്സ്യബന്ധന പ്രക്രിയകൾ കാണാനും മത്തി വിളവെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ രേഖപ്പെടുത്താനും വരാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അതുകൊണ്ടുതന്നെ മത്തി സീസൻ ടൂറിസം മേഖലയിലും സ്വാധീനം ചെലുത്തുന്നതാണ്.
2019ലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സുൽത്താനേറ്റിന്റെ മൊത്തം മത്സ്യ ഉൽപാദനത്തിന്റെ 60.2 ശതമാനവും ചെറിയ മത്സ്യങ്ങളാണ്. ഇതിൽ 47.4 ശതമാനവും മത്തിയാണ് എന്നുള്ളതും ശ്രദ്ധേയമാണ്.
2,75,186 ടണ്ണായിരുന്നു ആകെ പിടിച്ച മത്തി. ഭൂരിഭാഗവും പരമ്പരാഗത മത്സ്യബന്ധനത്തിലൂടെയായിരുന്നു. മത്തി സീസൺ കന്നുകാലി, വിനോദസഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പൗരന്മാർക്ക് മികച്ച സാമ്പത്തിക അവസരങ്ങളാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ഒമാനി സമ്പദ്വ്യവസ്ഥയിൽ മത്തി സീസൺ സ്വാധീനം ചെലുത്തുന്നുണ്ട്. മത്തി ടിന്നിലാക്കി സംസ്കരിക്കുന്നതിനും മറ്റുമായി ഒരു ഫാക്ടറി വേണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.