മസ്കത്ത്: രാജ്യത്ത് ഔദ്യോഗികമായി ശനിയാഴ്ച മുതൽ ശൈത്യകാലം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സുൽത്താനേറ്റിൽ നിലവിൽ താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ചില പർവത ശിഖരങ്ങളിൽ മഞ്ഞുവീഴ്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബൽ ശംസിലാണ്. രണ്ട് ഡിഗ്രി സെൽഷ്യസ് ആയിരുന്നു ചൂട്.
സൈഖ് നാല്, ഉവാങ്കുൽ 11, ജബൽ അൽ ഖമർ, ഖൈറൗൺ ഹെയ്രിതി 10 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ അനുഭവപ്പെട്ട താപനില.
വരും ദിവസങ്ങളിലും താപനില കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. താപനില കുറഞ്ഞതോടെ പലരും തണുപ്പ് ആസ്വദിക്കാൻ ജബൽ ശംസിലേക്ക് യാത്ര തുടങ്ങിയിട്ടുണ്ട്. ജനുവരിയാകുമ്പോൾ താപനില ഇവിടെ മൈനസിൽ എത്താറുണ്ട്.
സമുദ്രനിരപ്പിൽനിന്ന് 3,100 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജബൽ ശംസ് തികച്ചും വ്യത്യസ്തമായ കാലാവസ്ഥ അനുഭവപ്പെടുന്ന പർവതമാണ്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ജബൽ ശംസിൽ മികച്ച കാലാവസ്ഥ അനുഭവപ്പെടുന്നത്. ഈ സീസണിലാണ് ഇവിടേക്ക് വിനോദസഞ്ചാരികൾ എത്തുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ജബൽ ശംസിൽ തണുപ്പ് വർധിക്കുക. ഇതോടെ കുന്നിൻ ചരിവുകളിലും വഴിയോരങ്ങളിലും മഞ്ഞുകട്ടകൾ നിറയും ക്യാമ്പ് ചെയ്യാൻ ഏറ്റവും അറിയപ്പെടുന്ന സ്ഥലം കൂടിയാണിത്. യൂറോപ്യൻമാരാണ് ഇവിടത്തെ കാലാവസ്ഥ ഏറെ ആസ്വദിക്കുന്നത്. തണുത്തുവിറക്കുന്ന കാലാവസ്ഥ അനുഭവിക്കാനും രാത്രി ആകാശമാസ്മരികത ആസ്വദിക്കാനും ദിനേനെ നിരവധിപേർ ക്യാമ്പിങ്ങിന് എത്തുന്നുണ്ട്. അമേരിക്ക, ഫ്രാൻസ്, നെതർലൻഡ്സ്, കാനഡ, ജർമനി, ബെൽജിയം, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള
വരാണ് ഭൂരിഭാഗവും. സന്ദർശകർക്ക് ട്രക്കിങ് സൗകര്യവുമുണ്ട്. സന്ദർശകർക്ക് നിരവധി സൗകര്യങ്ങൾ ഒരുക്കുന്ന ഗെസ്റ്റ് ഹൗസുകളുമുണ്ട്. കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ നിരവധി പദ്ധതികളും തുടങ്ങിയിട്ടുണ്ട്. ഏറെ അപകടങ്ങൾ പതിയിരിക്കുന്നതാണ് ജബൽ ശംസി ലേക്കുള്ള റോഡുകൾ. യാത്രക്ക് ഫോർ വീലർ വാഹനങ്ങൾ ആവശ്യമാണ്. പലയിടത്തും റോഡുകളിൽ ചെമ്മണ്ണാണുള്ളത്. അതിനാൽ പരിചയസമ്പന്നരായ ഡ്രൈവർമാരാണ് ജബൽ ശംസിലേക്ക് വാഹനം ഓടിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.