മുലദ്ദ: ഇന്ത്യൻ സ്കൂൾ മുലദയുടെ 33ാമത് വാർഷികാഘോഷം വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളോടെ നടന്നു. ഒമാനിലെ മുസന്ന വിലായത്തിൽ നിന്നുള്ള ശൂറ പ്രതിനിധി അബ്ദുല്ല സഈദ് അൽ സാദി മുഖ്യാതിഥിയായി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബാർഡംഗം സിറാജുദ്ദീൻ നഹ്ലത്ത് വിശിഷ്ടാതിഥിയായി. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡന്റ് എ. അനിൽകുമാർ, കൺവീനർ എം.ടി.മുസ്തഫ ട്രഷറർ ദിലീപ് കുമാർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വിശിഷ്ടാതിഥികൾ, പ്രത്യേക ക്ഷണിതാക്കൾ, അഭ്യുദയകാംക്ഷികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുഖ്യാതിഥിയും വിശിഷ്ടവ്യക്തികളും ചേർന്ന് ഭദ്രദീപം കൊളുത്തി വാർഷികാഘോഷ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് എ. അനിൽകുമാർ സ്വാഗത പ്രസംഗം നടത്തി. പ്രിൻസിപ്പാൾ പർവീൺകുമാർ അവതരിപ്പിച്ച വാർഷിക റിപ്പോർട്ട് സ്കൂളിന്റെ നേട്ടങ്ങളുടെ സമഗ്ര അവലോകനമായി. വിശിഷ്ടാതിഥി സിറാജുദ്ദീൻ നഹ്ലത്ത് തന്റെ പ്രസംഗത്തിൽ സ്ഥാപനത്തിന്റെ അഭിമാനകരമായ മികവ് ഉയർത്തിപ്പിടിക്കുന്നതിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും അർപ്പണബോധത്തെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു. സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
12-ാം ക്ലാസ് പരീക്ഷയിൽ സയൻസ്, കോമേഴ്സ് വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ കനിഷ്ക മിത്ര രാജശേഖരൻ, അൻഫൽ സയീദ് എന്നീ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസ് താജ് അൽഖൈർ, അൽഹോസ്നി ആൻഡ് പാർട്ണേർസ് യഥാ ക്രമം നൽകി. സ്കൂളിൽ 30, 25, 10 വർഷം പൂർത്തിയാക്കിയ അധ്യാപകരെയും ഈ വർഷത്തെ മികച്ച അധ്യാപകരെയും, മികച്ച പ്രകടനം കാഴ്ചവെച്ചവരെയുംആദരിച്ചു. സ്കൂൾ വാർത്താ കുറിപ്പ്' ‘അറോറ’ , ഡിപ്പാർട്ട്മെന്റ്റ് ബുള്ളറ്റിൻ ‘സ്പെക്ട്രം’ എന്നിവയുടെ പ്രകാശനവും നടന്നു. മുഖ്യാതിഥിക്കും വിശിഷ്ടാതിഥിക്കും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡന്റ് എ. അനിൽകുമാർ ഉപഹാരം നൽകി. ന്യത്തന്യത്യങ്ങൾ, സംഗീത വിരുന്ന് തുടങ്ങിയ കലാപരിപാടികൾ വാർഷികാഘോഷത്തിന് മാറ്റുകൂട്ടി. സ്കൂൾ ഗായക സംഘം അവതരിപ്പിച്ച സ്വാഗതഗാനം, വിദ്യാർഥിനികൾ അവതരിപ്പിച്ച സ്വാഗത നൃത്തം എന്നിവ സദസ്യരെ ആഹ്ലാദഭരിതരാക്കി. വൈസ് പ്രിൻസിപ്പാൾ കെ.പി. ആഷിക്ക വാർഷികാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.