മസ്കത്ത്: അഗ്രികൾച്ചറൽ പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് കമ്പനി (എ.പി.എം.സി) സുവൈഖ് വിലായത്തിൽ തങ്ങളുടെ ആദ്യ ഔട്ട്ലെറ്റിന്റെ പരീക്ഷണ പ്രവർത്തനം തുടങ്ങി. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനമാണ് എ.പി.എം.സി.കർഷകരിൽനിന്ന് പച്ചക്കറികളും പഴങ്ങളും ശേഖരിക്കുക, സംഭരിക്കുക, സംസ്കരിക്കുക, വിപണനം ചെയ്യുക, മികച്ച കാർഷിക രീതികൾ പരിചയപ്പെടുത്തുന്നതിനായി രാജ്യത്തിലുടനീളം മാതൃകാ ഫാമുകൾ സ്ഥാപിക്കുക എന്നിവ ലക്ഷ്യമിട്ട് തുടങ്ങിയതാണ് എ.പി.എം.സി.
ഒമാനി കർഷകരിൽ ആദ്യ ബാച്ച് ഉൽപന്നങ്ങൾ കമ്പനിക്ക് കഴിഞ്ഞ ദിവസം ലഭിച്ചു. അസോസിയേഷനുകളുമായും കർഷകരുമായും സഹകരിച്ച് എല്ലാത്തരം കാർഷിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും പങ്കാളിത്തം സ്ഥാപിക്കുന്നതിനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് എ.പി.എം.സി ഡയറക്ടർ ബോർഡ് ചെയർമാൻ സലിം ബിൻ സെയ്ഫ് അൽ അബ്ദാലി അറിയിച്ചു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ മേഖലയുടെയും സഹകരണത്തോടെ പരിസ്ഥിതിക്ക് അനുയോജ്യമായ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാൻ നിരവധി ഗവർണറേറ്റുകളിൽ മാതൃകാ ഫാമുകൾ സ്ഥാപിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
ശുദ്ധമായ കാർഷിക ഉൽപന്നങ്ങൾ വിൽക്കാൻ കടകൾ സ്ഥാപിക്കുകയും ചെയ്യും. ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങളുമായി കമ്പനി സഹകരിക്കുമെന്നും അബ്ദാലി പറഞ്ഞു. കാർഷിക ഉൽപനങ്ങൾ മാർക്കറ്റ് ചെയ്യുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും കമ്പനി നടത്തും. കമ്പനിയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ എല്ലാ കർഷകരും സഹകരിക്കണമെന്നും അബ്ദാലി പറഞ്ഞു. അടുത്ത 10 വർഷത്തിനുള്ളിൽ മരുഭൂമിയിൽ കാർഷിക വിളകളും 500,000 മരങ്ങളും നട്ടുപിടിപ്പിക്കാൻ പെട്രോളിയം ഡെവലപ്മെന്റ് ഒമാനുമായി (പി.ഡി.ഒ) കഴിഞ്ഞ വർഷം എ.പി.എം.സി കരാർ ഒപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.