മസ്കത്ത്: അറബ് കപ്പിലെ നിർണായക മത്സരത്തിൽ തകർപ്പൻ വിജയവുമായി ഒമാൻ സെമിയിൽ. സെമി പ്രവേശനത്തിന് സമനില മാത്രം മതിയായിരുന്ന മത്സരത്തിൽ ശക്തരായ സൗദിയെ 2-1ന് തകർത്താണ് റെഡ്വാരിയേഴ്സ് സെമിയിലേക്ക് മാർച്ച് പാസ്റ്റ് ചെയ്തത്. ബസ്റയിലെ അല്‍ മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആക്രമിച്ച് കളിക്കുക എന്ന തന്ത്രമായിരുന്നു സൗദി സ്വീകരിച്ചത്.
ഇടതുവലതു വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്തിൽ ഒമാൻ ഗോൾമുഖം വിറച്ചു. എന്നാൽ, കളിയുടെ ഗതിക്ക് വിപരീതമായി ഒമാന്റെ വകയായിരുന്നു ആദ്യഗോൾ. 34ാം മിനിറ്റിൽ അൽമന്ദർ അൽ അലവി ഒമാനുവേണ്ടി വലകുലുക്കി. എന്നാൽ, ഏഴാം മിനിറ്റിനുശേഷം സൗദി തിരിച്ചടിക്കുകയും ചെയ്തു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ തുർക്കി അമ്മാറിന്റെ വലം കാൽ ഷോട്ട് വലയിൽ മുത്തമിടുകയായിരുന്നു. വിജയം അനിവാര്യമായ മത്സരത്തിൽ രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് കളിക്കുന്ന സൗദിയെയാണ് പിന്നീട് കാണാനായത്. ഒമാൻ ഗോളിയുടെ തകർപ്പൻ സേവുകളാണ് പലപ്പോഴും രക്ഷയായത്. എന്നാൽ, കൗണ്ടർ അറ്റാക്കുകളിലൂടെ ഒമാനും കളംനിറഞ്ഞ് കളിച്ചു. ഒടുവിൽ 84ാം മിനിറ്റിൽ ഹാരിബ് അൽസാദിയുടെ ഗോളിലൂടെ ഒമാൻ സെമിയിലേക്ക് നടന്നു കയറുകയായിരുന്നു. ഗ്രൂപ് എയിൽനിന്ന് ഏഴുവീതം പോയന്റുമായി ആതിഥേയരായ ഇറാഖാണ് സെമിയിൽ കടന്ന മറ്റൊരു ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.