മസ്കത്ത്: സൗദി അറേബ്യയിൽ നടക്കുന്ന അറബ് കപ്പ് അണ്ടർ 20 ടൂർണമെന്റിലെ ആദ്യമത്സരത്തിൽ ഒമാന് തോൽവി. അസീർ നഗരത്തിലെ ധമാക് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഒരു ഗോളിനാണ് ഈജിപ്ത് ഒമാനെ തകർത്തത്. ഇതോടെ വിലപ്പെട്ട മൂന്നുപോയന്റും മിസ്രിപ്പട സ്വന്തമാക്കി.
42ാം മിനിറ്റിൽ അഹമ്മദ് ഹവാഷാണ് ഹെഡറിലൂടെ ഗോൾ നേടിയത്. തുടക്കം മുതൽ ഇരു വിഭാഗവും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിൽക്കുകയായിരുന്നു. ഇതിനിടെയാണ് കോർണർ കിക്കിലൂടെ ലഭിച്ച പന്ത് അഹമ്മദ് ഹവാഷ് വലയിൽ എത്തിക്കുന്നത്
ആദ്യപകുതിയിൽ തുറന്ന് കിട്ടിയ നിരവധി അവസരങ്ങൾ ഇരു ടീമുകളും പാഴാക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള വീര്യവുമായായിരുന്നു ഒമാൻ ഇറങ്ങിയത്. എന്നാൽ, ഒരുഗോൾ നേടിയതിന്റെ ആത്മവിശ്വാസത്തിൽ കളിച്ച ഈജിപ്ത് ഒമാൻ ഗോൾമുഖത്ത് ഭീതി വിതച്ചു. പലപ്പോഴും ഭാഗ്യം കൊണ്ടായിരുന്നു ഒമാൻ ഗോളിൽനിന്ന് രക്ഷപ്പെട്ടത്. ഒമാന്റെ അടുത്ത മത്സരം ഞായറാഴ്ച സോമാലിയക്കെതിരെയാണ്.
18 ടീമുകൾ ആറ് ഗ്രൂപ്പുകളിലായാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഗ്രൂപ് ചാമ്പ്യന്മാരായി ആറും രണ്ടാംസ്ഥാനത്തെത്തിയ ടീമുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുമുൾപ്പെടെ ആകെ എട്ട് ടീമുകൾ ക്വാർട്ടറിൽ പ്രവേശിക്കും. സ്പാനിഷ് കാരനായ ഡേവിഡ് ഗോർഡോ ആണ് ഒമാൻ ടീമിന്റെ പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.