മസ്കത്ത്: ഇറാഖിൽ നടക്കുന്ന അറബ് ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഒമാന്‍ വെള്ളിയാഴ്ച കളത്തിലിറങ്ങും. ബസ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇറാഖാണ് എതിരാളികൾ. ഒമാൻ സമയം രാത്രി 7.45നാണ് മത്സരം. മത്സരത്തിന് മുന്നോടിയായി ദിവസങ്ങൾക്ക് മുമ്പേ കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന് ടീം ഇറാഖിൽ എത്തി പരിശീലനം തുടങ്ങിയിരുന്നു. ഒമാനിലെയും സൗദിയിലേയും ക്യാമ്പ് പൂർത്തിയാക്കിയാണ് ടീം ഇറാഖിൽ എത്തിയിട്ടുള്ളത്. ആദ്യകളിയിൽതന്നെ ജയിച്ചുകയറി മുൻതൂക്കം നേടാനാകും ഒമാൻ ഇന്ന് ശ്രമിക്കുക. അതേസമയം, ഫിഫ റാങ്കിങ്ങിൽ ഒമാനേക്കാൾ മുൻപന്തിയിലുള്ള ഇറാഖ് കടുത്ത വെല്ലുവിളിയാകും ഉയർത്തുക. ലോക റാങ്കിങ്ങിൽ ആതിഥേയർക്ക് 67ാം സ്ഥാനമാണെങ്കിൽ 75ാം സ്ഥാനത്താണ് ഒമാൻ. ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഒമാനായിരുന്നു വിജയം. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23ന് ആയിരുന്നു മത്സരം. മുഴുവന്‍ സമയത്ത് ഒരു ഗോള്‍ വീതം നേടി സമനില പാലിച്ച മത്സരത്തില്‍ പെനാല്‍ട്ടിയിലൂടെ ഒമാന്‍ വിജയം സ്വന്തമാക്കിയിരുന്നു (4-3).
അടുത്തകാലത്തായി ഒമാൻ ടീം നടത്തിയ പ്രകടനങ്ങൾ പ്രതീക്ഷക്ക് വക നൽകുന്നതാണ്. കഴിഞ്ഞമാസം ദുബൈയിൽ സിറിയക്കെതിരെ നടന്ന രണ്ട് സന്നാഹമത്സരത്തിലും റെഡ് വാരിയേഴ്സ് വിജയിച്ചിരുന്നു. ആദ്യകളിയിൽ 2-1നും രണ്ടാം കളിയിൽ ഏകപക്ഷീയമായ ഒരുഗോളിനുമാണ് സിറിയയെ തോൽപിച്ചത്. ലോകകപ്പിന് മുന്നോടിയായി ഒമാനിലെത്തിയ ജർമനിയെ വിറപ്പിക്കുകയും ചെയ്തിരുന്നു. കളിയിൽ ഒരു ഗോളിന് ജർമനി കഷ്ടിച്ച് ജയിക്കുകയായിരുന്നു.
സമ്മര്‍ദമില്ലാതെയാണ് മത്സരത്തിനിറങ്ങുന്നതെന്ന് ഒമാന്‍ പരിശീലകന് ബ്രാങ്കോ ഇവാങ്കോവിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗ്രൂപ് എയില്‍ ആതിഥേയർക്കുപുറമെ ഒമാന്‍, യമന്‍, സൗദി അറേബ്യ എന്നീ ടീമുകളാണുള്ളത്. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യു.എ.ഇ എന്നിവരാണ് ഗ്രൂപ് ബിയില്‍.
ജനുവരി ഒമ്പതിന് യമനുമായും 12ന് സൗദിയുമായാണ് ഒമാന്റെ അടുത്ത മത്സരങ്ങള്‍. രണ്ട് ഗ്രൂപ്പുകളില്‍നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലെത്തും. ജനുവരി 16ന് ആണ് സെമി പോരാട്ടം. 19ന് ആണ് ഫൈനല്‍. അറബ് ഗള്‍ഫ് കപ്പിന്റെ 25ാമത് പതിപ്പാണ് ഇറാഖിൽ നടക്കുന്നത്. കഴിഞ്ഞ തവണ ഖത്തറിൽ നടന്ന ഗൾഫ് കപ്പിൽ. ബഹ്റൈന്‍ ആയിരുന്നു കിരീടം ചൂടിയത്. 2009ലും 2017-2018 സീസണിലും ഒമാന്‍ കിരീടം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.