മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിൽ മൂന്നാം മുത്തമെന്ന ഒമാന്റെ സ്വപ്നം പൊലിഞ്ഞു. കുവൈത്തിലെ ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽനടന്ന ഫൈനൽ പോരാട്ടത്തിൽ ഒമാനെ 2-1ന് തോൽപ്പിച്ചാണ് അറേബ്യൻ ഫുട്ബാൾ സിംഹാസനത്തിന്റെ കിരീടം ബഹ്റൈൻ അണിഞ്ഞത്.
ഒമാനുവേണ്ടി അബ്ദുറഹ്മാൻ അൽ മുശൈഫ്രിയയും ബഹ്റൈനുവേണ്ടി മൂഹമ്മദ് ഫർഹൂൻ ഒരുഗോളും നേടി. അവസാന മിനിറ്റിൽ മുഹമ്മദ് അൽ മസ്ലമിയുടെ ബുട്ടിൽനിന്ന് വീണ സെൽഫ്ഗോളാണ് ഒമാന്റെ കിരീട നേട്ടത്തിന് തിരിച്ചടിയായത്.
കലാശക്കളിയുടെ എല്ലാ ആവേശവും നിറഞ്ഞുനിന്നതായിരുന്നു മത്സരം. പന്തടക്കത്തിലും മുന്നേറ്റത്തിലും ഒരുപടി മുന്നിട്ടുനിന്ന റെഡ് വാരിയേഴ്സ് ആദ്യമിനിറ്റിൽതന്നെ ലീഡെടുക്കുക എന്ന തന്ത്രവുമായായിരുന്നു കളിച്ചിരുന്നത്. വിസിൽ മുഴങ്ങിയതുമുതൽ എതിർഗോൾ മുഖത്തേക്ക് ഇരമ്പിയാർത്തെന്നുന്ന ഒമാനെയായിരുന്നു കണ്ടിരുന്നത്. എന്നാൽ, മികച്ച പ്രതിരോധത്തേടെ ഒമാൻ ആക്രമണങ്ങളെ ബഹ്റൈൻ ചെറുക്കുകയായിരുന്നു.
ഇതിനിടെ കളിയിലേക്ക് പതിയെ തിരിച്ചുവന്ന ബഹറൈൻ ഒമാൻ ഗോളിയേയും പ്രതിരോധനിരയേയും പരീക്ഷിക്കാൻ തുടങ്ങി. 12,14 മിനിറ്റുകളിൽ തുറന്ന അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും മുതലെടുപ്പ് നടത്താനായില്ല. ഒമാൻ ഗോളിയുടെ കരങ്ങളായിരുന്നു ഇവിടെ രക്ഷയായത്.
17ാം മിനിറ്റിലായിരുന്നു ഒമാൻ ആഗ്രഹിച്ച നിമിഷം പിറന്നത്. ബഹ്റൈനിന്റെ പ്രതിരോധത്തിൽനിന്ന് വന്ന പിഴവ് മുതലെടുത്തായിരുന്നു ഗോൾ. കോർണറിൽനിന്ന് ലഭിച്ച പന്ത് മാർക്ക് ചെയ്യപ്പെടാതെ കിടന്ന അബ്ദുറഹ്മാൻ അൽ മുശൈഫ്രി ഹെഡിലൂടെ വലയിലെത്തിക്കുകയായിരുന്നു.
ഗോൾ വീണതോടെ കൂടുതൽ ഉണർന്ന് കളിച്ചെങ്കിലും സമനിലപിടിക്കാൻ ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുമ്പോൾ ബഹ്റൈനായില്ല. രണ്ടാം പകുതിയിൽ എന്തുവിലകൊടുത്തും സമനിലനേടുക എന്ന തന്ത്രവുമായിട്ടാണ് ബഹ്റൈൻ ഇറങ്ങിയത്.
കൂടുതൽ സ്കോർ ചെയ്യാൻ ഒമാനും ശ്രമിച്ചെങ്കിലും ഫലം കാണാതെ പോകുകയായിരുന്നു. ഒടുവിൽ പെനാൽറ്റിയിലൂടെ മൂഹമ്മദ് ഫർഹൂൻ സമനിലപിടിച്ചു. രണ്ട് മിനിറ്റിനുശേഷം പിറന്ന മുഹമ്മദ് അൽ മസ്ലമിയുടെ സെൽഫ് ഗോളിലൂടെ ഒമാന്റെ സ്വപ്നം പൊലിയുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.