മസ്കത്ത്: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചതിനു ശേഷം ഒമാനിൽ പരക്കെ തണുത്ത കാലാവസ്ഥ ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ തന്നെ അന്തരീക്ഷ ഊഷ്മാവ് കുറയാൻ തുടങ്ങിയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് ഇനിയും കുറയാനാണ് സാധ്യത. അടുത്ത നാല് ദിവസങ്ങളിൽ പല ഭാഗങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസാണ്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കുറഞ്ഞ താപനില 14 ഡിഗ്രിയും കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഈ മാസം അവസാനം വരെ ചെറിയ വ്യതിയാനത്തോടെ സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത.
ഫെബ്രുവരിയും അന്തരീക്ഷ ഊഷ്മാവ് വല്ലാതെ ഉയരാൻ സാധ്യതയില്ല. മാർച്ച് ആദ്യത്തോടെയാണ് അന്തരീക്ഷ ഊഷ്മാവ് 30 ഡിഗ്രി സെൽഷ്യസിലെത്തുന്നത്. ഒമാന്റെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ ജബൽ അഖ്ദർ, ജബൽ ശംസ് എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രി സെൽഷ്യസിന് താഴെയാണ്. മഴയെ തുടർന്ന് കാലാവസ്ഥ മാറാനാണ് സാധ്യത. മലകളിലും മറ്റുംകോട മഞ്ഞുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
വരും ദിവസങ്ങളിൽ പലഭാഗങ്ങളിലും കോടമഞ്ഞുകൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ പുലർകാലങ്ങളിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. തണുപ്പ് കാലം ടൂറിസത്തിന് ഏറെ അനുകൂലമാണ്. എന്നാൽ, കോവിഡ് വ്യാപനം വർധിക്കുന്നത് ഈ മേഖലക്ക് വൻ തിരിച്ചടിയാവും. ടൂറിസം, ഹോട്ടൽ മേഖല ഉണരാൻ തുടങ്ങുന്നതിനിടയിലാണ് യൂറോപ്യൻ രാജ്യങ്ങളിലടക്കം വീണ്ടും കോവിഡ് ഭീഷണി ഉയർന്നു വരുന്നത്. നീണ്ട ഇടവേളക്ക് ശേഷം വിനോദ സഞ്ചാരികൾ എത്തി തുടങ്ങിയെങ്കിലും നിലവിലെ സാഹചര്യത്തിൽ വീണ്ടും നിലക്കാനാണ് സാധ്യത.
അതിനിടെ ഒമാനിലും കേസുകൾ വർധിക്കുന്നതും വിനോദ സഞ്ചാരമേഖലക്ക് തിരിച്ചടിയാവും. രാജ്യത്ത് നവംബർ മുതലാണ് വനോദ സഞ്ചാര സീസൺ ആരംഭിക്കുന്നത്. ജനുവരിയോടെ ഏറെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും.
ഇത് ആസ്വാദിക്കാനായി നിരവധി വിനോദ സഞ്ചാരികളാണ് എത്താറുള്ളത്. നിലവിലെ അവസ്ഥയിൽ ഈ വർഷം മുൻ വർഷങ്ങളെക്കാൾ കൂടുതൽ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. തണുപ്പ് തുടരുന്നത് തണുപ്പ് കാല അസുഖങ്ങളും വർധിക്കാൻ കാരണമാവും. പനിയും ജലദോഷവും അടക്കമുള്ള രോഗങ്ങളും സാധാരണ തണുപ്പ് കാലങ്ങളിൽ വ്യാപകമാവാറുണ്ട്. എന്നാൽ കോവിഡിന്റെ ഭാഗമായ നിയന്ത്രണങ്ങൾ നിലവിലുള്ളത് ഇത്തരം രോഗങ്ങൾ പടരുന്നതും തടയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.