മസ്കത്ത്: ഇന്ത്യൻ സ്കൂൾ വാദി കബീറിൽ (ഐ.എസ്.ഡബ്ല്യു.കെ) അക്കാദമിക് എക്സലൻസ് അവാർഡുകളും മാതൃദാസ് ഖിംജി മെമ്മോറിയൽ പുരസ്കാരങ്ങളും വിതരണം ചെയ്തു. 2019-20, 2020-21 അധ്യയന വർഷങ്ങളിലെ പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്. ഐ.എസ്.ഡബ്ല്യു.കെ കോ-ട്രഷററും കോ-കൺവീനറുമായ കീർത്തി ജയ്സിൻ ജെസ്റാനി മുഖ്യാതിഥിയായി. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂൾ അധികൃതരെ അദ്ദേഹം അഭിനന്ദിച്ചു.
അൽ അൻസാരി ഗ്രൂപ് ഓഫ് കമ്പനിയുടെ സഹസ്ഥാപകനും ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ കിരൺ ആഷർ, ഖിംജി കുടുംബത്തിലെ അംഗങ്ങൾ, സ്കൂൾ മാനേജ്മെന്റ കമ്മിറ്റി ഓണററി പ്രസിഡന്റ് അൽകേഷ് ജോഷി, എസ്.എം.സി അംഗങ്ങൾ, എച്ച്.എം.എയിലെയും ബിസിനസ് കമ്യൂണിറ്റിയിലെയും അംഗങ്ങൾ, വിദ്യാഭ്യാസ സെല്ലിലെ അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവരും പങ്കെടുത്തു.
ആറു മുതൽ 12 വരെ ക്ലാസുകളിലെ മികച്ച വിദ്യാർഥികളെ ഖിംജി മെമ്മോറിയൽ അവാർഡുകൾ നൽകി ആദരിച്ചു. വിവിധ വിഷയങ്ങളിലും വിഭാഗങ്ങളിലും മികവ് പുലർത്തിയ വിദ്യാർഥികൾക്ക് അക്കാദമിക് എക്സലൻസ് അവാർഡുകളും വിതരണം ചെയ്തു. അവാർഡ് ദാനത്തിന്റെ ഭാഗമായി നടത്തിയ ഡാൻസ് മത്സരത്തിൽ അശോക ഹൗസ് വിജയികളായി. അശോക, അക്ബർ, ടാഗോർ, വിവേകാനന്ദൻ എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. 'പോപുലർ ഓഡിയൻസ് അവാർഡ്' അക്ബർ ഹൗസ് സ്വന്തമാക്കി. പ്രിൻസിപ്പൽ ഡി.എൻ. റാവു വിജയികളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.