മനാമ: തന്റെ സർവിസ് കാലഘട്ടത്തിലെ മികവുറ്റ മൂന്നു വർഷങ്ങളാണ് കഴിഞ്ഞുപോയതെന്ന് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ. വളരെയേറെ ഉൽപാദനക്ഷമമായ കാലഘട്ടമായിരുന്നു ഇതെന്നും സർവിസ് കാലയളവ് പൂർത്തിയാക്കി പുതിയ ചുമതലയേറ്റെടുക്കാൻ ന്യൂഡൽഹിക്ക് തിരിക്കുന്നതിനു മുമ്പ് അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സമാധാനത്തിനും സഹവർത്തിത്വത്തിനും പരമപ്രാധാന്യം നൽകുന്ന നാടാണ് ബഹ്റൈൻ. ഇവിടത്തെ ജനതയുടെ ഊഷ്മളമായ സ്നേഹവും ആതിഥേയത്വവും വ്യക്തിപരമായി അനുഭവിച്ചറിയാൻ സാധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം എല്ലാ മേഖലകളിലും ദൃഢമായിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധം മികച്ചനിലയിൽ മുന്നോട്ടുകൊണ്ടുപോകുകയും ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ബഹ്റൈൻ ഭരണകൂടത്തിനും നേതൃത്വത്തിനും നന്ദി പറയുന്നു.
ഊർജസ്വലരായ ഇന്ത്യൻ സമൂഹം ഈ സഹകരണം ശക്തമാക്കാനും ഇന്ത്യയുടെ അഭിമാനം ഉയർത്താനും സഹായിച്ചിട്ടുണ്ട്. എല്ലാ തൊഴിൽ മേഖലകളിലും ഇന്ത്യക്കാർ മികച്ച സേവനമാണ് നടത്തുന്നത്. ഇന്ത്യൻ സമൂഹം തനിക്ക് നൽകിയ പിന്തുണക്കും സ്നേഹത്തിനും കരുതലിനും നന്ദി പറയുന്നു. ബഹ്റൈന്റെ സംസ്കാരത്തെ ഉൾക്കൊണ്ട് സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും മേഖലകൾ വിശാലമാക്കാൻ കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. ബിസിനസ് സമൂഹവും സാംസ്കാരിക സംഘടനകളും ഇക്കാര്യത്തിൽ സജീവ പിന്തുണ നൽകിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ പുതിയ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുകയാണെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.