മസ്കത്ത്: ആത്മസമർപ്പണത്തിന്റെ സ്മരണകളുണർത്തി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനുശേഷമുള്ള ആദ്യ പെരുന്നാളിനെ പൂർണാർഥത്തിൽ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം. രാജ്യത്തെ മസ്ജിദുകളിലേക്കും ഈദ്ഗാഹുകളിലേക്കും കുട്ടികളടക്കമുള്ള ആബാലവൃദ്ധം ജനങ്ങൾ രാവിലെ മുതൽതന്നെ ഒഴുകും.
പെരുന്നാൾ നമസ്കാരത്തിനും ഈദ്ഗാഹിനുമായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും വിവിധ സ്ഥലങ്ങളിൽ ഈദ്ഗാഹുകൾ നടക്കുന്നുണ്ട്. കർശന ആരോഗ്യസുരക്ഷ നിർദേശങ്ങൾ പാലിച്ചായിരിക്കണം ബലിപെരുന്നാൾ ആഘോഷങ്ങളെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കടുത്ത ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഈദ് പ്രാർഥനയിൽ പങ്കെടുക്കരുതെന്നും കുടുംബയോഗങ്ങളും സന്ദർശനങ്ങളും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക പരിപാടികൾ നടത്തുമ്പോൾ ശരിയായ അകലം ഉൾപ്പെടെയുള്ള എല്ലാ മുൻകരുതലുകളും പാലിക്കണം. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും ആഗോളതലത്തിൽ മഹാമാരിയുടെ നിരക്ക് ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ.
ഈദ് പ്രാർഥനക്ക് എത്തുമ്പോൾ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മാർഗനിർദേശങ്ങളെ കുറിച്ച് മസ്ജിദുകളിലൂടെ ബോധവത്കരണം നടത്താൻ ഇമാമുമാരോടും പള്ളികളുടെ ചുമതലയുള്ളവരോടും മന്ത്രാലയം നിർദേശിച്ചു.
പെരുന്നാൾ പ്രാർഥനയും മൃഗബലിയും വീടുകളിലും താമസ ഇടങ്ങളിലും നടക്കും. മൃഗബലി പൊതുസ്ഥലങ്ങളിൽ അനുവദനീയ മല്ലാത്തതിനാൽ അറവുശാലകളിൽ വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് ബലിമൃഗങ്ങളെ എത്തിക്കാൻ സ്ഥാപനങ്ങളും കമ്പനികളും രംഗത്തുണ്ട്. തുടർച്ചയായി പെയ്യുന്ന മഴ ആഘോഷത്തിന് മങ്ങലേൽപ്പിക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ മഴ കുറയുന്നതോടെ കൂടുതൽ സജീവത കൈവരും. അതേസമയം, ഇത്തവണ മലയാളി കൂട്ടായ്മകളുടെ പെരുന്നാൾ ആഘോഷങ്ങൾക്ക് പൊലിമ കുറവായിരിക്കും. നല്ലൊരു വിഭാഗം ആളുകളുടെ ഇത്തവണത്തെ ആഘോഷം നാട്ടിലാണ് നടക്കുന്നത്. മധ്യവേനലവധി ആരംഭിച്ചതോടെ നിരവധി പ്രവാസികൾ നേരത്തേ തന്നെ നാടണഞ്ഞിരുന്നു. എന്നാൽ, കൂട്ടായ്മകളുടെ നേതൃത്വത്തിൽ സലാലയിലേക്കടക്കം പിക്നിക്കും സറ്റേജ് പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
പെരുന്നാൾ വിപണിയിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി കർശന പരിശോധനകളാണ് നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ വില സ്ഥിരതയും സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കാനായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനാൽ കടകളിലും മാർക്കറ്റുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഓഫർ ആനുകൂല്യങ്ങൾ, വിലക്കിഴുവുകൾ എന്നിവയെല്ലാം കൃത്യമായി തന്നെയാണോ നൽകുന്നത് എന്നായിരുന്നു അധികൃതർ പരിശോധിച്ചിരുന്നത്. ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയലും പരിശോധനയുടെ ഭാഗമായായിരുന്നു.
പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പാർക്കുകളിലും വരും ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യത. കാലാവസ്ഥ അനുകൂലമെങ്കിൽ കൂടുതൽ ആളുകൾ ഇത്തരം സ്ഥലങ്ങളിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇതു മുന്നിൽകണ്ട് സഞ്ചാരികൾക്കും മറ്റുമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, കാലാവസ്ഥ പ്രതികൂലമായതിനാൽ ബീച്ചുകളിലും മറ്റും സന്ദർശിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പെരുന്നാളിനോടനുബന്ധിച്ചുള്ള തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി പലയിടത്തും കൂടുതല്‍ പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ജൂലൈ പത്ത് മുതല്‍ 20വരെ നസീം പാര്‍ക്കിലാണ് പരിപാടികള്‍. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വാദിക്കാൻ കഴിയുന്ന വിധത്തിൽ 'ഈദ് ജോയ്' എന്നപേരിലാണ് പരിപാടികൾ നടത്തുന്നത്. നാടകങ്ങള്‍, മത്സരങ്ങള്‍, കഫേകള്‍, ഇലക്ട്രിക് ഗെയിമുകള്‍, പ്രദര്‍ശനങ്ങള്‍, മ്യൂസിക് ഇവന്റുകള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.