മസ്കത്ത്: ബലിപെരുന്നാൾ ആഘോഷങ്ങൾ കനത്ത ചൂടിലാണ് എത്തുന്നതെങ്കിലും ആഘോഷങ്ങൾ പൊടി പൊടിക്കാനുള്ള തിരക്കിലാണ് സ്വദേശികൾ. സ്വദേശികൾക്ക് ഏറെ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിലൊന്നാണ് ബലിപെരുന്നാൾ. അതിനാൽ കടുംചൂടും മറ്റ് പ്രതിബന്ധങ്ങളുമൊക്കെയുണ്ടെങ്കിലും ഇവർ ആഘോഷങ്ങൾക്ക് മങ്ങലേൽപിക്കില്ല. സാധാരണയായി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നേരത്തേതന്നെ തുടങ്ങും. പുത്തനുടുപ്പുകളും പെരുന്നാൾ ഉൽപന്നങ്ങളും വാങ്ങിക്കൂട്ടലും ബലിമൃഗങ്ങളെ കണ്ടെത്തലും ആഘോഷത്തിന്റെ ഭാഗമായി നടക്കുകയാണ്.
പെരുന്നാളാഘോഷത്തിന്റെ ഭാഗമായി സ്ത്രീകൾ പൊതുവെ ബ്യൂട്ടി പാർലറുകളിൽ പോകാറുണ്ട്. അതിനാൽ പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളിൽ ബ്യൂട്ടി പാർലറുകളിൽ വൻ തിരക്ക് അനുഭവപ്പെടും. പലരും നേരത്തേ സമയം ബുക്ക് ചെയ്തും മറ്റുമാണ് പാർലറുകളിൽ പോവുന്നത്. പെരുന്നാളിനടുത്ത മൂന്നു ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് പാർലർ നടത്തുന്നവർ പറയുന്നു. ഫേഷ്യൽ, നഖം ഭംഗിയാക്കൽ, കൈയിലും നഖത്തിലും ചായംപൂശൽ, കാൽനഖവും പാദവും ഭംഗിയാക്കൽ എന്നിവയും ഹെന്നയും പാർലറുകളിൽ നടക്കുന്നുണ്ട്. അതിനാൽ പെരുന്നാളിനടുത്ത ദിവസങ്ങളിൽ ചില പാർലറുകൾ അർധരാത്രി വരെ പ്രവർത്തിക്കാറുണ്ട്. ചില പെരുന്നാളുകളിൽ കാലത്ത് അഞ്ചു വരെ പ്രവർത്തിക്കാറുമുണ്ട്. ബാർബർ ഷോപ്പുകളിലും സമാനമായ തിരക്കുതന്നെയാണ് അനുഭവപ്പെടാറുള്ളത്. പെരുന്നാൾ തലേന്നാണ് ബാർബർ േഷാപ്പുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നത്.
കുടുംബങ്ങൾ സന്ദർശിക്കലും തറവാടുവീടുകളിൽ ഒത്തുചേരലും സ്വദേശി പെരുന്നാളുകളുടെ പ്രധാന ഭാഗമാണ്. ഒന്നാം പെരുന്നാൾ സ്വന്തം വീട്ടിൽ ആഘോഷിച്ച ശേഷം രണ്ടാം പെരുന്നാളിന് കുടുംബത്തിലെ മുതിർന്നവരുള്ള തറവാടുവീടുകളിൽ പല കുടുംബങ്ങളും ഒത്തുചേരാറുണ്ട്. ഇവയിൽ പല തറവാടുവീടുകളും ഉൾഗ്രാമങ്ങളിലായിരിക്കും ഉണ്ടാകുക. ഈ വീടുകളിൽ കുടുംബത്തെ എല്ലാ അംഗങ്ങളും ഒത്തുചേർന്നാണ് ഭക്ഷണം ഉണ്ടാക്കുന്നതും ആഘോഷങ്ങൾ നടത്തുന്നതും. പരമ്പരാഗത പലഹാരങ്ങൾക്കൊപ്പം ഷുവ, മന്തി എന്നിവയും പ്രധാന വിഭവങ്ങളായിരിക്കും. പെരുന്നാൾ ആഘോഷങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഹലുവകൾ. പെരുന്നാളിന് ഒമാനി ഹലുവകളില്ലാത്ത വീടുകളുണ്ടാവില്ല. ഗൃഹനാഥന്റെ കഴിവും പ്രൗഢിയുമനുസരിച്ച് ഹലുവകളുടെ രൂപവും ഭാവവും മാറും. ഒമാനിൽ ഏറ്റവും കൂടുതൽ ഹലുവ വിൽക്കപ്പെടുന്നത് രണ്ടു പെരുന്നാൾ സീസണിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.