മസ്കത്ത്: മഴകുറഞ്ഞതോടെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ പകർച്ച വ്യാധികൾ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന രോഗാണുക്കളും ബാക്ടീരിയകളും ഉണ്ടാകാൻ സാധ്യതയുണ്ട്. എലി, ഈച്ച, മറ്റ് മൃഗങ്ങൾ എന്നിവ ചത്തടിയാൻ സാധ്യതയുള്ള സ്ഥലങ്ങൾ വൃത്തിയാക്കുമ്പോൾ സൂക്ഷ്മത പുലർത്തണം.
വെള്ളത്തിനടിയിലായ വീടുകളിലെ, ചളി, മാലിന്യം, അഴുക്ക് എന്നിവ പൂർണമായി നീക്കം ചെയ്യണം. ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന രോഗാണുക്കളുടെ പ്രജനന സാധ്യത ഇല്ലാതാക്കാൻ വീടുകളിലെ ഈർപ്പം ഒഴിവാക്കുകയും ആവശ്യമായ വായുസഞ്ചാരം കടത്തിവിടാനുള്ള സൗകര്യവുമൊരുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. അതേസമയം, മഴക്കെടുതി നേരിട്ട മസ്കത്ത്, ബാത്തിന, അൽ വുസ്ത, ഖസബ് തുടങ്ങി വിവിധ പ്രദേശങ്ങളിൽ ശുചീകരണം നടന്നുവരുകയാണ്. മഴവെള്ളത്തിൽ പാമ്പുകളടക്കമുള്ള ഇഴജന്തുക്കൾ ഒഴുകിവന്ന് ഫ്ലാറ്റുകളിലും വീടുകളിലും കയറിക്കൂടാനും സാധ്യതയുണ്ട്. കഴിഞ്ഞദിവസം അൽഗ്രുബ്രയിലെ ഫ്ലാറ്റിൽനിന്നും പമ്പിനെ കണ്ടെത്തി.
ഒരാഴ്ചയോളമായി പെയ്ത മഴയിൽ ഇതുവരെ ആറു ജീവനുകളാണ് പൊലിഞ്ഞത്. നാശനഷ്ടവും നേരിട്ടു. ഇതിന്റെ കണക്ക് വരുംദിവസങ്ങളിലെ അറിയാൻ കഴിയുകയുള്ളൂ. വിവിധ ഇടങ്ങളിലായി കൂടുങ്ങിയ 70ൽ അധികം ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തു.
റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആംബുലൻസും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തത് കെടുതികളുടെ ആക്കം കുറക്കാൻ സഹായകമായി. ലഭ്യമായ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലാണ്. 110 മി.മീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.