സുഹാർ: സുഹാറിലെ സനായ എന്റർടൈൻമെന്റ് പാർക്കിൽ നടക്കുന്ന സുഹാർ ഫെസ്റ്റ് ഗ്രൗണ്ടിൽ ചൊവ്വാഴ്ച ഫുട്ബാൾ ആരാധകരുടെ ആവേശം കൊണ്ട് ഗാലറി മുഖരിതമായി. ഫെസ്റ്റിവൽ ഗ്രൗണ്ടിൽ ഒരുക്കിയ കൂറ്റൻ സ്ക്രീനിൽ സൗദിഅറേബ്യയും ഒമാനും തമ്മിൽ ഖത്തറിൽ നടക്കുന്ന മത്സരം കാണാൻ നൂറുകണക്കിനു ആളുകളായിരുന്നു തടിച്ചുകൂടിയിരുന്നത്. കളിയുടെ 14ാം മിനിറ്റിൽ ഒമാന് വേണ്ടി സാല അൽ യഹ്യായി ആദ്യ ഗോൾ നേടിയപ്പോൾ ഗാലറി ഇളകിമറിയുകയായിരുന്നു. മത്സരത്തിൽ സുൽത്താനേറ്റ് തോറ്റെങ്കിലും ടീമിന്റെ പ്രകടനം പ്രതീക്ഷ നൽകുന്നതാണെന്ന് ആരാധകർ പറഞ്ഞു.
കഴിഞ്ഞ വേൾഡ് കപ്പ് ഫുട്ബാൾ മത്സരം കാണാനും ഫെസ്റ്റിവൽ നഗരിയിൽ കൂറ്റൻ സ്ക്രീൻ ഒരുക്കിയിരുന്നു. ചുറ്റും ഒരുക്കിയ ഗാലറിയും കസേരകളും ഗ്രൗണ്ടിൽ ഇരുന്നു കളി കാണുന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. നൂറുകണക്കിനു പേർക്ക് ഇരിക്കാവുന്ന ഗാലറിയും മറ്റു ഇരിപ്പിടങ്ങളും കളിയുടെ ആവേശം കെട്ടടങ്ങാതെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. അവധിദിനം അല്ലാതിരുന്നിട്ടും അഭൂതപൂർവമായ ജനക്കൂട്ടമാണ് ഫെസ്റ്റിവൽ വേദിയിൽ എത്തിയത്. പാർക്കിങ് കിട്ടാതെ ദൂരെ പാർക്കു ചെയ്ത് കാൽനടയായി ആണ് പലരും പാർക്കിൽ എത്തിയത്. തുടർന്നുള്ള കളികൾ കാണാനും കൂടുതൽ ആളുകൾ എത്തും എന്നാണ് കണക്കുകൂട്ടുന്നത്.
വിനോദം, വിജ്ഞാനം, മറ്റ് കലാ സാംസ്കാരിക കായിക പരിപാടികൾക്കും സുഹാർ ഫെസ്റ്റ് വേദിയാവുന്നുണ്ട്. ഫുഡ് ഫെസ്റ്റിവൽ, സർക്കസ് അമ്യൂസ്മെന്റ് പാർക്ക് എന്നിവ വേദിയിലെ മുഖ്യ ആകർഷകങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.