മസ്കത്ത്: രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്ന മത്സ്യത്തിന്റെ അളവ് വർധിച്ചു. 2022ലെ ആകെ മത്സ്യകയറ്റുമതി 2.81ലക്ഷം ടൺ ആണെന്ന് ഒമാൻ വാർത്ത ഏജൻസി പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 15.8 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയതെന്ന് ദേശീയ സ്ഥിതി വിവരക്കണക്ക് ഉദ്ധരിച്ച് വാർത്ത ഏജൻസി വ്യക്തമാക്കി. കഴിഞ്ഞ വർഷം മത്സ്യക്കയറ്റുമതിയിലൂടെ 14 കോടി റിയാലിലേറെയാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത് ഗൾഫ് രാജ്യങ്ങളിലേക്കാണ്. കഴിഞ്ഞ വർഷം സൗദി, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്ക് 74,323 ടൺ മത്സ്യമാണ് കയറ്റുമതി ചെയ്തത്. യൂറോപ്പിലേക്ക് 2372 ടണ്ണും അമേരിക്കയിലേക്ക് 18,996 ടണ്ണും മറ്റു രാജ്യങ്ങളിലേക്ക് 1.85 ലക്ഷം ടണ്ണും മത്സ്യം കയറ്റുമതി ചെയ്തിട്ടുണ്ട്.
ഒമാനിൽ മത്സ്യലഭ്യതയിൽ മുൻ വർഷങ്ങളേക്കാൾ കുറവുവന്നതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് മത്സ്യബന്ധന മേഖല ബാധിക്കുന്നത്. മാറിമറിയുന്ന കാലാവസ്ഥയും മഴയും മത്സ്യബന്ധനത്തിനു പോകുന്നവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരം കാലാവസ്ഥ കാരണം മീൻപിടിത്തക്കാർ കടലിൽ പോവാൻ മടിക്കുകയാണ്. പല ഭാഗങ്ങളിലും കടൽ പ്രക്ഷുബ്ധമാവുന്ന സാഹചര്യവുമുണ്ട്. പലയിടങ്ങളിലും കടലിൽ പോവുന്നതിന് വിലക്കുമുണ്ട്. സുലഭമായി കിട്ടിയിരുന്ന പല മത്സ്യങ്ങളും മാർക്കറ്റിൽ കുറവാണ്. നിലവിൽ നെയ്മീൻ പിടിക്കുന്നതിന് നിയന്ത്രണമുണ്ട്. നെയ്മീൻ അടക്കമുള്ള മത്സ്യങ്ങളുടെ ലഭ്യത കുറയുമ്പോൾ മത്സ്യങ്ങൾക്ക് കയറ്റുമതി നിയന്ത്രണം അടക്കമുള്ളവയും സർക്കാൻ നടപ്പാക്കാറുണ്ട്. എന്നാൽ, കയറ്റുമതി മേഖലയിലെ വർധന മത്സ്യബന്ധന മേഖലക്ക് ഊർജം പകരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.