മസ്കത്ത്: ക്രിസ്മസ് പടിവാതിൽക്കലെത്തിയതോടെ ക്രിസ്മസ് വിപണി സജീവമായി. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും ഹൈപ്പർമാർക്കറ്റുകളിലും വൻ തിരക്കാണനുഭവപ്പെടുന്നത്. റൂവി അടക്കമുള്ള പ്രധാന നഗരങ്ങളിൽ നല്ല തിരക്കായിരുന്നു. കേക്കുകളും ട്രീകളടക്കമുള്ള ഇനങ്ങൾ വിപണിയിൽ എത്തിയതും വിവിധ സ്ഥാപനങ്ങൾ ക്രിസ്മസ് ഓഫറുകൾ പ്രഖ്യാപിച്ചതും തിരക്കു വർധിക്കാൻ കാരണമായി. വിവിധ തരത്തിലും രൂപത്തിലും രുചിയിലുമുള്ള കേക്കുൾ ലഭ്യമാണ്. ക്രിസ്മസിന് പ്രധാനമാണ് കേക്കുകൾ. എല്ലാ വീടുകളും താമസയിടങ്ങളിലും കേക്കുകളുണ്ടാകും. ക്രിസ്മസ് സമ്മാനമായി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകുന്നതും പ്രധാനമായും കേക്കുകൾ തന്നെയാണ്. അതിനാൽ പ്രധാന ബേക്കറികളെല്ലാം ക്രിസ്മ്മസ് കേക്കുകൾ വിപണിയിലിറക്കിയിട്ടുണ്ട്. കൂടാതെ ഹൈപ്പർമാർക്കറ്റുകളും സ്വന്തമായി കേക്കുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ഒന്നര റിയാൽ മുതൽ മുകളിലോട്ടാണ് കേക്കുകളുടെ വില. വില കൂടിയ കേക്കുകളും വിപണിയിലുണ്ട്.
ക്രിസ്മസിന്റെ ഭാഗമായി നിരവധിയിനം കേക്കുകൾ വിപണിയിലിറക്കിയിട്ടുണ്ടെന്ന് ഒമാനിലെ പ്രധാന ബേക്കറി ശൃംഖലയായ മോഡേൺ ഒമാൻ ബേക്കറി അധികൃതർ പറഞ്ഞു. തങ്ങൾ 25ലധികം കേക്കുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. ക്രിസ്മസിനു മാത്രമായി മൂന്നിനം പ്ലംകേക്കുകൾ വിപണിയിലിറക്കിയിട്ടുണ്ട്. ഏറ്റവും ചെറുതിന്റെ വില ഒന്നര റിയാലാണ്. മൂന്നു റിയാൽ, അഞ്ചു റിയാൽ എന്നിവക്കും കേക്കുകൾ ലഭിക്കും.
വില വർധിക്കുംതോറും വലുപ്പവും വർധിക്കും. ഇത്തരം കേക്കുകൾക്ക് വിപണിയിൽ നല്ല ഡിമാൻഡാണെന്നും ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള 18ശാഖകളിലും ഇവലഭിക്കുമെന്നും അധികൃതർ പറഞ്ഞു. അതോടൊപ്പം പ്രത്യേക ഗിഫ്റ്റ് ബോക്സുകളും വിപണിയിലിറക്കിയിട്ടുണ്ട്. ക്രിസ്മമസിനു ബന്ധുക്കൾക്കും സുഹൃത്തുകൾക്കും നൽകാൻ പറ്റുന്ന മികച്ച ഗിഫ്റ്റാണിത്. കേക്കിനൊപ്പം മറ്റു ക്രിസ്മ്മസ് വിഭവങ്ങളും അടങ്ങിയതാണിത്. പത്ത്, 15 റിയാൽ എന്നീ വിലകളിൽ രണ്ടുതരം ഗിഫ്റ്റു ബോക്സുകളാണ് വിപണിയിലുള്ളത്. ഈരണ്ടു ബോക്സുകൾക്കും നല്ല സ്വീകാര്യതയാണു ള്ളതെന്നും അധികൃതർ പറഞ്ഞു. അതോടൊപ്പം ക്രിസ്മ്മസ് വിഭവമായി ചെറിയ കേക്ക്കഷ്ണങ്ങളും വിപണിയിലുണ്ട്. 200 ബൈസയാണ് ഇതിന്റെ വില.
ക്രിസ്മമസ് തിങ്കളാഴ്ചയായതിനാൽ പൊതുവെ ഉഷാറ് കുറവായിരിക്കും. ഒമാനിൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്കു പ്രവൃത്തി ദിവസമായതിനാൽ പലർക്കും ജോലി സ്ഥലത്തു പോവേണ്ടി വരും. ആഘോഷം ഗംഭീരമക്കേണ്ടവർ അവധി എടുക്കേണ്ടിയും വരും. പലർക്കും ഹോട്ടൽ ഭക്ഷണത്തിൽ ആഘോഷം ഒതുക്കേണ്ടിവരും. അതിനിടെ ദാർസൈത്ത് ചർച്ചുകളിൽ ക്രിസ്മ്മസ് ആഘോഷങ്ങളും പ്രാർഥനകളും നടക്കുന്നതിനാൽ റൂവിയിലും ദാർസൈത്ത് റോഡിലും ഞായറാഴ്ച വൈകുന്നേരം മുതൽ വൻതിരക്കും ഗതാഗത ക്കുരുക്കും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
അച്ചായൻസ് സദ്യയുമായി റസ്റ്റാറന്റുകൾ
റഫീഖ് പറമ്പത്ത്
സുഹാർ: ക്രിസ്മസ് ദിനത്തിനു സ്പെഷൽ സദ്യയുമായി ഹോട്ടലുകൾ ഒരുങ്ങി. ഹൈപ്പർ മാർക്കറ്റിലെ ഫുഡ് കോർണറിലും ചില റസ്റ്ററന്റുകളിലും അച്ചായൻസ് സദ്യയുടെ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി. കുത്തരി ചോർ, കല്ലപ്പം, താറാവ് റോസ്റ്റ്, മീൻ പെരളൻ, കോഴിയും പിടിയും പോത്തു കറിയും മീൻ പൊള്ളിച്ചതും മറ്റു വിഭവങ്ങളും ചേർത്തുള്ള സദ്യയാണ് അച്ചായൻസ് സദ്യ. ഓരോ പ്രത്യേക തരം വിഭവങ്ങൾ ഉപയോഗിച്ചാണ് തയ്യറാക്കുന്നത്.
മുൻകൂട്ടി ബുക്കു ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓണ സദ്യ പോലെ വിപുലമായ സദ്യ വട്ടങ്ങൾ സാധാരണ ക്രിസ്മസിനു ഒരുക്കാറില്ല. ഒരോ പ്രദേശത്തെ ഭക്ഷണ രീതി പോലെ വിഭവങ്ങളിൽ മാറ്റം വരും. വീടുകളിൽ ദിവസങ്ങൾക്കു മുമ്പു തന്നെ അച്ചപ്പം, മുറുക്ക്, കുഴലപ്പം, ഉണ്ട എന്നിങ്ങനെ ദിവസങ്ങളോളം സൂക്ഷിച്ചുവെക്കാവുന്ന പലഹാരങ്ങൾ ഉണ്ടാക്കും.
കല്ലപ്പം, വട്ടയപ്പം, ചിക്കൻസ്റ്റ്യു, താറാവ് മപ്പാസ് എന്നിങ്ങനെ പാരമ്പര്യ ഭക്ഷണവും ഒരുക്കും. അച്ചായൻ സദ്യ രുചിച്ചു നോക്കാൻ ഭക്ഷണ പ്രേമികളും തയ്യറാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.