മസ്കത്ത്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരള സര്‍ക്കാര്‍ മുണ്ടുമുറുക്കിയുടുക്കാന്‍ ജനങ്ങളോട് പറയുകയും അതേസമയം, കോടികള്‍ ധൂര്‍ത്തടിക്കുകയും ചെയ്യുമ്പോള്‍ അത് പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടിയാണെന്ന കള്ളപ്രചാരണത്തിന് കൂട്ടുനില്ക്കാന് കഴിയില്ലെന്ന് ഒ.ഐ.സി.സി ഒമാന്‍ ദേശീയ പ്രസിഡന്റ് സജി ഔസേഫ്.
ലോക കേരളസഭ ഇന്ന് ലോക കൗതുകസഭയായി മാറി. അമേരിക്കയില്‍ നടത്തിയ സമ്മേളനത്തില്‍ പ്രവാസികളുടെ ക്ഷേമത്തിനെന്ന പേരില്‍ കാട്ടിക്കൂട്ടിയ പ്രഹസനങ്ങള്‍ ഇതുവരെയും പ്രവാസികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെയാണ് രണ്ടുമാസം മുമ്പ് രണ്ടരക്കോടി വീണ്ടും വകയിരുത്തിയത്. സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ട് എല്ലാത്തരം നികുതികളും വര്‍ധിപ്പിക്കുകയും കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ശമ്പളവും പെന്‍ഷനും കിട്ടാതെ പിച്ചച്ചട്ടി എടുക്കേണ്ടിവരുകയും ചെയ്യുന്ന നാട്ടിലാണ് ധൂര്‍ത്തിന്റെ പുതിയ മേച്ചിൽപുറങ്ങള് സർക്കാർ തേടുന്നത്.
തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പാക്കേജ്, അവരുടെ തൊഴില്‍ വൈദഗ്ധ്യം സ്വന്തം നാട്ടില്‍ പ്രയോജനപ്പെടുത്താനുള്ള തൊഴിലിടങ്ങള്‍ സൃഷ്ടിക്കല്‍, സംരംഭകര്‍ക്ക് നിക്ഷേപം നടത്താനുള്ള വ്യവസായിക സൗഹൃദ അന്തരീക്ഷവും സംരക്ഷണവും ഉറപ്പാക്കല്‍, വിമാനക്കമ്പനികളുടെ ആകാശക്കൊള്ളക്ക് വിധേയരാകുന്ന യാത്രാപ്രശ്നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ പരിഗണനക്കുപോലും എടുത്തിട്ടില്ല. ഇനിയും പ്രവാസികളുടെ പേരും പറഞ്ഞ് ഇത്തരം തീവെട്ടിക്കൊള്ള നടത്തുന്നതിന് പകരം മുകളില്‍ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.