മസ്കത്ത്: അടുത്ത വർഷത്തെ അറബ് ടൂറിസത്തിന്റെ തലസ്ഥാനമായി തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂറിനെ തിരഞ്ഞെടുത്തു. ദോഹയിൽ നടന്ന അറബ് ടൂറിസം മന്ത്രിതല സമിതിയുടെ 26ാമത് സമ്മേളനത്തിലാണ് സുറിന് വിശിഷ്ട അംഗീകാരം ലഭിച്ചത്. ടൂറിസം മേഖലയിലെ ഉപരിതല സൗകര്യം, ടൂറിസം പദ്ധതികളിലുള്ള വൈവിധ്യങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിന് കാണിക്കുന്ന നിർ ദേശങ്ങൾ, ചരിത്രപരവും സാംസ്കാരികമായ സുഭിക്ഷത, വിവിധ കാലഘട്ടങ്ങളിലെ പുരാവസ്തു കേന്ദ്രങ്ങൾ സംരക്ഷിക്കൽ, ഇത്തരം സൈറ്റുകളുടെ എണ്ണം, യുെനസ്കോ പുരാവസ്തു പട്ടികയിൽ ഇടം പിടിച്ച കേന്ദ്രങ്ങളുടെ എണ്ണം, ബീച്ചുകൾ, താഴ്വരകൾ, നീരൊഴുക്കുകൾ, ഗുഹകൾ തുടങ്ങിയ രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് സൂറിന് ഈ അംഗീകാരം ലഭിക്കുന്നത്.
തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ ടൂറിസമടക്കമുളള നിരവധി മേഖലകളിൽ ഏറെ മുന്നിട്ടു നിൽക്കുന്നതാണ്. നിലവിൽ ജോർഡനിലെ മാദാബയണ് ടൂറിസം കാപിറ്റൽ. 2006ൽ നിസ്വയായിരുന്നു അറബ് തലസ്ഥാനം. അതിനുശേഷം ആദ്യമായാണ് ഒമാനിലെ ഒരു നഗരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.
വിവിധ ഗവർണറേറ്റുകളിലെ ടുറിസം മേഖലയുടെ വളർച്ചക്ക് പൈതൃക ടുറിസം മന്ത്രാലയം നടത്തുന്ന ശ്രമങ്ങൾ കൂടി ഈ അംഗീകാരത്തിന് വഴി തെളിയിക്കുന്നുണ്ട്. പരമ്പരാഗത, വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് ജനങ്ങൾക്കു നൽകുന്ന അവബോധവും ഇത്തരം മേഖലകളുടെ പ്രമോഷനു വേണ്ടി പ്രദേശവാസികൾ നൽകുന്ന പിന്തുണയും ഒമാൻ ടൂറിസം മേഖലക്ക് അനുഗ്രഹമാവുന്നതാണ്.
പുതിയ അംഗീകാരം സൂറിലെ ടൂറിസം പദ്ധതികൾക്ക് കുടുതൽ പ്രചാരം നൽകാൻ സഹായകമാവും.സൂറിലെ ഖൽഹാത്ത് അടക്കമുള്ള പുരാതന സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് സന്ദർശകർ വർധിക്കാനും അംഗീകാരം സഹായകമാവും. അറബ് ടൂറിസത്തിന്റെ തലസ്ഥാനമായി സൂറിനെ തിരഞ്ഞെടുത്തതിന്റെ ഭാഗമായി നിരവധി ആഘോഷ പരിപാടികൾ അടുത്ത വർഷം സംഘടിപ്പിക്കും. സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇവ നടപ്പാക്കുക. വിവിധ ടൂറിസം മേഖലകളിലെ നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള പഠനവും നടക്കുന്നുണ്ട്.
ഫലസ്തീൻ സാമ്പത്തിക മേഖലയെ പിന്തുണക്കാനുള്ള ടൂറിസം പദ്ധതികൾ, മധ്യ പൗരസ്ത്യ മേഖലയിലെ ടൂറിസം പദ്ധതികളെ സംരക്ഷിക്കാനുള്ള പദ്ധതികൾ, മേഖലയിലെ വിദ്യാഭ്യാസ പരിശീലന പദ്ധതികളുടെ ഗുണനിലവാരം വർധിപ്പിക്കൽ, പ്രാദേശികമായി ടൂറിസം വിഭവങ്ങൾ ഉൽപാദിപ്പിക്കൽ, അറബ് ടൂറിസം മേഖലയിലെ പരിസ്ഥിതി പദ്ധതികളുടെ വികസനത്തിനു പിന്തുണ നൽകൽ, അറബ് ഉപഭോക്തൃ, ടുറിസം പദ്ധതികൾക്കു പിന്തുണ നൽകൽ, അറബ് സംയുക്ത ടൂറിസം പദ്ധതികൾക്കു രൂപം നൽകൽ, നിലവിലെ അറബ് ടൂറിസം മേഖലകളെക്കുറിച്ചുള്ള വിശാലമായ പഠനം, കാലാവസ്ഥാവ്യതിയാനവും അവയുടെ ടൂറിസം മേഖലയിലെ പ്രതിഫലനവും തുടങ്ങിയവ പരിപാടിയിൽ അവതരിപ്പിക്കപ്പെടും.
ചരിത്രപരവും സാംസ്കാരികവുമായി ഏറെ പേര് കേട്ട പ്രദേശമാണ് സൂർ. സൂറിൽനിന്ന് ഇന്ത്യയിലെ ഗുജറാത്തിലേക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് വാണിജ്യ കപ്പലുകൾ സർവിസ് നടത്തിയിരുന്നു. ഇതിൽ അൽബൂം എന്ന ഒമാൻ പായക്കപ്പലും ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു. പഴയ ഓർമകൾ നിലനിർത്തുന്നതിന്റെ ഭാഗമായി ഈ കപ്പൽ അതേ രീതിയിൽ പുനർനിർമിച്ച് ഇന്ത്യയിലേക്ക് പ്രയാണം ചെയ്യാൻ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. സൂർ ഒരു കാലത്ത് പേരുകേട്ട കപ്പൽ നിർമാണ കേന്ദ്രമായിരുന്നു. ഗൾഫ് മേഖലയിലെ പേരുകേട്ട കപ്പൽ നിർമാണ വിദഗ്ധർ സൂറിലുണ്ടായിരുന്നു. ഇവരുടെ പിൻമുറക്കാർ ഇപ്പോഴും ഇവിടെയുണ്ട്. കപ്പൽ യാത്രക്കും പേരുകേട്ടതാണ് പ്രദേശം, പ്രമുഖരായ കപ്പിത്താന്മാർ സൂറിലുണ്ടായിരുന്നു. മുൻകാലത്ത് യാത്രക്കുപയോഗിച്ചിരുന്ന കപ്പലുകളും സൂറിലെ കപ്പൽ മ്യുസിയവും ഇതിന് തെളിവാണ്.
യുനസ്കോ പട്ടികയിൽ ഇടം പിടിച്ച പൗരാണിക സാസ്കാരിക കേന്ദ്രമായ ഖൽഹാത്തും സൂർ സന്ദർശകരുടെ മറ്റൊരു ആകർഷണമാണ്. സൂറിലെ റാസ് അൽ ഹദ്ദ് ബീച്ച് കടലാമകൾ മുട്ടയിടാനെത്തുന്ന ലോകത്തിലെ അറിയപ്പെടുന്ന ബീച്ചുകളിലൊന്നാണ്.
ഒാരോ വർഷവും ആയിരക്കണക്കിന് ആമകളാണ് ഇവിടെ മുട്ടയിടാനെത്തുന്നത്. വിവിധ കടലുകളിൽനിന്ന് ആയിരക്കണക്കിനു മൈലുകൾ താണ്ടിയാണ് ഇവ റാസുൽ ഹദ്ദിൽ എത്തുന്നത്. കടലാമകൾക്ക് മുട്ടയിടാൻ പാകത്തിലുള്ള അപൂർവ മണലാണ് ഇവിടെയുള്ളത്. സൂറിലെ മനോഹരമായ ഭൂപ്രകൃതിയും നീരൊഴുക്കുകളും അടക്കം നിരവധി പ്രത്യേകതകളാണ് സൂറിന് ഈ അംഗീകാരം നേടിക്കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.