മസ്കത്ത്: ഒമാനിൽ മൂന്നു ഗുഹകൾ കൂടി കണ്ടെത്തി. ഗുഹാ പര്യവേക്ഷകരും ജിയോളജിസ്റ് റുകളുമടങ്ങുന്ന സംഘമാണ് വടക്കൻ ശർഖിയ, ദാഖിലിയ ഗവർണറേറ്റുകളിലായി പുതിയ ഗുഹക ൾ കണ്ടെത്തിയത്. ഗുഹകളിലേക്ക് എത്താൻ മൂന്നു ദിവസം സമയമെടുത്തതായി സംഘാംഗവും ജിയോളജിസ്റ്റുമായ ഡോ. മുഹമ്മദ് അൽ കിന്ദി പറഞ്ഞു. വടക്കൻ ശർഖിയ ഗവർണറേറ്റിലെ ദിമാ വൽ തായീൻ വിലായത്തിലെ അൽ ശിയ മേഖലയിലാണ് ഖഷാൽ അൽ ശിയ എന്ന് പേരുള്ള ആദ്യ ഗുഹ സ്ഥിതിചെയ്യുന്നത്. 175 മീറ്റർ ആഴത്തിലുള്ള ഗുഹയിൽ ഏറെ ശ്രദ്ധയോടെയാണ് ഇറങ്ങാൻ കഴിയുക. പർവതങ്ങൾക്കിടയിലെ ഇടുങ്ങിയ വഴിയിലൂടെയാണ് ഗുഹക്കുള്ളിലെത്തുക. ഉയർന്ന തോതിലുള്ള ഇൗർപ്പവും കാർബൺ ഡയോക്സൈഡിെൻറ സാന്നിധ്യവും മൂലം ഗുഹയിലിറങ്ങുന്നവർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യാനിടയുണ്ട്. ജബൽ അഖ്ദറിലെ ഖയൂത്ത് ഗ്രാമത്തിലാണ് അൽ ഖയൂത്ത് എന്നറിയപ്പെടുന്ന രണ്ടാമത്തെ ഗുഹ സ്ഥിതിചെയ്യുന്നത്. 1450 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗുഹക്ക് 30 മീറ്റർ ആഴമാണ് ഉള്ളത്. മനോഹരമായ ചുണ്ണാമ്പുകൽ നിക്ഷേപവും ഗുഹയിലുണ്ട്. ഗുഹയുടെ പ്രധാന ഭാഗങ്ങൾ ത്രീഡി സ്കാനറുകൾ ഉപയോഗിച്ച് പരിശോധിച്ചതായും മുഹമ്മദ് അൽ കിന്ദി പറഞ്ഞു.
ദാഖിലിയയിലെ തന്നെ അൽ ഹംറ വിലായത്തിലെ തവി അഖ്ബ ഗ്രാമത്തിലാണ് മൂന്നാമത്തെ ഗുഹ. നിരവധി പ്രവേശന കവാടങ്ങളും ഇടുങ്ങിയ വഴികളുമുള്ള ഗുഹക്ക് 70 മീറ്ററിലേറെയാണ് ആഴം. ഉള്ളിൽ തടാകങ്ങളും ചുണ്ണാമ്പുകൽ രൂപങ്ങളും ഉണ്ട്. തടാകങ്ങളിലേക്കുള്ള പ്രവേശനം ഏറെ ബുദ്ധിമുട്ടുള്ളതാണെന്നും ഡോ. കിന്ദി പറഞ്ഞു. ഭൗമ ഭൂപടങ്ങൾ ഉപയോഗിച്ചാണ് തങ്ങൾ ഗുഹകൾ കണ്ടുപിടിക്കുന്നതെന്ന് അൽ കിന്ദി പറഞ്ഞു. പര്യവേക്ഷണം നടത്തുന്ന ഗുഹകളിലെ വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് ഗുഹകളിലെ ചുണ്ണാമ്പുകൽ നിക്ഷേപങ്ങളുടെ കാലപ്പഴക്കം നിർണയിക്കാറുണ്ട്. തങ്ങളുടെ ഗവേഷണ ഫലങ്ങൾ ഉൾപ്പെടുത്തി ജിയളോജിക്കൽ സൊസൈറ്റി ഒാഫ് ഒമാനുമായി ചേർന്ന് പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. അൽ കിന്ദി പറഞ്ഞു. ചുണ്ണാമ്പുകൽ നിക്ഷേപങ്ങളും കൊത്തുപണികളുമൊക്കെയുള്ള നിരവധി ഗുഹകളാണ് ഒമാനിൽ ഉള്ളത്. ഇതിൽ പലതും അടുത്തിടെയാണ് കണ്ടുപിടിച്ചത്. അതിനാൽ, ലോകമെമ്പാടുമുള്ള ഗുഹ പര്യവേക്ഷകരുടെ ഇഷ്ട കേന്ദ്രമാണ് ഒമാൻ. ഗുഹകൾ കേന്ദ്രീകരിച്ച് സാഹസിക വിനോദ സഞ്ചാര പദ്ധതികൾ ആരംഭിക്കുന്നതിെൻറ സാധ്യതകളും സർക്കാർ പരിശോധിക്കണമെന്ന് അൽ കിന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.