മസ്കത്ത്: സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) ആഭിമുഖ്യത്തിൽ ബുധനാഴ്ച ലോക സിവിൽ ഡിഫൻസ് ദിനം ആചരിക്കും. ഇന്റർനാഷനൽ സിവിൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷനിൽ അംഗങ്ങളായ ലോകരാജ്യങ്ങളുമായി ചേർന്നാണ് ആഘോഷ പരിപാടികൾ നടത്തുന്നതെന്ന് സി.ഡി.എ.എ പറഞ്ഞു. ജീവനും സ്വത്തുക്കളും സംരക്ഷിക്കാൻ സിവിൽ പ്രൊട്ടക്ഷൻ, സിവിൽ ഡിഫൻസ് ഏജൻസികൾ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചാണ് ആഗോളതലത്തിൽ സിവിൽ ഡിഫൻസ് ദിനം കൊണ്ടാടുന്നത്. ‘അപകടസാധ്യത വിലയിരുത്തുന്നതിൽ സാങ്കേതിക സംവിധാനങ്ങളുടെ പങ്ക്’ എന്നതാണ് ഈ വർഷത്തെ പ്രമേയം. സിവിൽ പ്രൊട്ടക്ഷൻ, സിവിൽ ഡിഫൻസ് എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വിലയിരുത്തുന്നതിന് സാങ്കേതിക സംവിധാനങ്ങൾ, ആപ്ലിക്കേഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നിക്കുകൾ എന്നിവയുടെ പങ്ക് എടുത്തുകാട്ടുന്നതായിരിക്കും പരിപാടികൾ.
ഇതോടനുബന്ധിച്ച് സിവിൽ ഡിഫൻസ്, പ്രഥമ ശുശ്രൂഷ എന്നിവയെക്കുറിച്ചുള്ള സമ്മേളനവും പ്രദർശനവും മാർച്ച് എട്ട്, ഒമ്പത് തീയതികളിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സി.ഡി.എ.എ നടത്തും.
ഒമാൻ വിഷൻ 2040 ഫോളോഅപ് യൂനിറ്റ് മേധാവി ഡോ.ഖാമിസ് ബിൻ സൈഫ് അൽ-ജാബ്രി നേതൃത്വം നൽകും. സിവിൽ ഡിഫൻസ്, ആംബുലൻസ് എന്നിവയുടെ പ്രവർത്തനത്തിന്റെ അപകടസാധ്യതകളും മറ്റ് വശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. പരിപാടിയോടനുബന്ധിച്ച് നടത്തുന്ന പ്രദർശനങ്ങളിലൊന്ന് സ്ഥാപനങ്ങളുടെയും കമ്പനികളുടേതുമായിരിക്കും. അതോറിറ്റിയുടെ വാഹനങ്ങൾ, ഉപകരണങ്ങൾ, ഫയർ ബ്ലാങ്കറ്റുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നതായിരിക്കും മറ്റൊരു പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.