മസ്കത്ത്: രാജ്യത്തെ ഗവർണറേറ്റുകളിലെ സിമന്റ് ക്ഷാമം പരിഹരിക്കുന്നതിനായി വാണിജ്യ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളും അനുബന്ധ കമ്പനികളുമായി സംയുക്ത യോഗം ചേർന്നു. വിപണിയുടെ ആവശ്യങ്ങളും ഒമാനി സിമന്റ് ഫാക്ടറികൾ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കാനും ലക്ഷ്യമിട്ട് കൂടിയായിരുന്നു യോഗം.
ഉൽപാദന പ്രക്രിയയിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വിലവർധന കാരണം പ്രാദേശിക ഫാക്ടറികളിലൊന്ന് സിമന്റിന്റെ ഉൽപാദനം നിർത്തിവെച്ചിട്ടുണ്ട്. ഇതനുസരിച്ച്, പ്രാദേശിക ആവശ്യം നിറവേറ്റുന്നതിനായി ഒമാൻ സിമന്റ് കമ്പനി തങ്ങളുടെ ഉൽപാദന ശേഷി പത്തു ശതമാനം വർധിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
യോഗത്തിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫ് അധ്യക്ഷത വഹിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സഈദ് മാസാൻ, സിമന്റ് ഫാക്ടറികളിലെ ഉദ്യോഗസ്ഥർ, സി.ഇ.ഒമാർ, സിമന്റ് ഇറക്കുമതി, വിതരണ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. വരാനിരിക്കുന്ന കാലയളവിൽ എല്ലാ ഗവർണറേറ്റുകളിലും സിമന്റ് ലഭ്യത ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളാൻ യോഗത്തിൽ സാധിച്ചതായി ഡോ.സാലിഹ് പറഞ്ഞു. ചില പ്രാദേശിക ഫാക്ടറികളുടെ ഉൽപാദനം വർധിപ്പിക്കുന്നതിലൂടെയും ഒമാനിൽ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ച് മറ്റ് രാജ്യങ്ങളിൽനിന്ന് നേരിട്ട് സിമന്റ് ഇറക്കുമതി ചെയ്യുന്നതിലൂടെയും ഇത് നേടാനാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.