മസ്കത്ത്: കോവിഡിനെ തുടർന്നുള്ള സാഹചര്യങ്ങൾ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകാതിരിക്കാൻ ഉേത്തജന പാക്കേജുമായി ഒമാൻ സെൻട്രൽ ബാങ്ക്. ബിസിനസ് സ്ഥാപനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ വിപണിയിൽ ധനലഭ്യത ഉറപ്പാക്കുന്നതിനായുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ബാങ്ക് സർക്കുലർ പുറപ്പെടുവിച്ചു. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കമ്പനികൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിന് ബാങ്കുകളെയും ധനകാര്യ-ലീസിങ് കമ്പനികളെയും പ്രാപ്തമാക്കുന്ന നടപടികൾ യാഥാർഥ്യമാക്കുമെന്നാണ് സെൻട്രൽ ബാങ്ക് എക്സിക്യൂട്ടിവ് പ്രസിഡൻറ് താഹെർ സാലിം അൽ അംരി ഒപ്പുവെച്ച സർക്കുലറിൽ പറയുന്നത്.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായുള്ള ബാങ്കുകളുടെ കരുതൽ മൂലധനം (കാപിറ്റൽ കൺസർവേഷൻ ബഫർ) പകുതിയായി കുറച്ചു. രണ്ടര ശതമാനത്തിൽനിന്ന് 1.25 ശതമാനമായാണ് കുറച്ചത്. ലെൻഡിങ്/ഫിനാൻസിങ് റേഷ്യോ 87.5 ശതമാനത്തിൽനിന്ന് 92.5 ശതമാനമായി ഉയർത്തി. ഹെൽത്ത്കെയർ മേഖലയടക്കം സമ്പദ്ഘടനയിൽ ഉൽപാദനക്ഷമമായ മേഖലകൾക്ക് കൂട്ടിയ ശതമാനത്തിൽനിന്ന് വായ്പ നൽകണം എന്ന നിബന്ധനയിലാണ് ഇത് ഉയർത്തിയത്. വായ്പാതവണയും പലിശയും അടക്കാൻ സാവകാശം വേണമെന്ന എല്ലാ അപേക്ഷകളും പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടേത് സ്വീകരിക്കാനും കേന്ദ്രബാങ്ക് നിർദേശം നൽകി. അടുത്ത ആറുമാസത്തേക്ക് ഇങ്ങനെ നീട്ടി നൽകണം.
സർക്കാർ പദ്ധതികളുടെ റിസ്ക് ക്ലാസിഫിക്കേഷൻ അടുത്ത ആറു മാസത്തേക്ക് നീട്ടിവെക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു. നിലവിൽ ബാങ്കിങ് സേവനങ്ങൾക്കായി ഇൗടാക്കുന്ന ഫീസ് കുറക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രബാങ്ക് പ്രാദേശിക ബാങ്കുകളോട് ആവശ്യപ്പെട്ടു. ഇൗ വർഷം പുതിയ ഫീസുകൾ ഇൗടാക്കുകയും ചെയ്യരുത്. റിപോ പലിശനിരക്കിൽ 75 അടിസ്ഥാന പോയൻറുകളുടെ കുറവ് വരുത്തി 0.50 ശതമാനം ആക്കുകയും ചെയ്തു. സർക്കാർ ട്രഷറി ബില്ലുകളുടെ ഡിസ്കൗണ്ടിങ്ങിനുള്ള പലിശനിരക്ക് നൂറ് അടിസ്ഥാന പോയൻറുകൾ കുറച്ചതടക്കം മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.