മസ്കത്ത്: പുതിയ അധ്യയന വർഷം അടുത്ത മാസം ഒന്നുമുതൽ ആരംഭിക്കാനിരിക്കെ ബസുകളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ മാർഗ നിർദേശവുമായി റോയൽ ഒമാൻ പൊലീസ്. സ്കൂൾ ബസ് ഡ്രൈവർമാരും ബസ് ഉടമകളും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ആർ.ഒ.പി അധികൃതർ ആവശ്യപ്പെട്ടു. സ്കൂളിൽ എത്തുമ്പോഴും സ്കൂളിൽ നിന്ന് തിരികെവീട്ടിൽ എത്തുമ്പോഴും ബസിൽ ഒരു കുട്ടി പോലും അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ പറഞ്ഞു.
മുൻ കാലങ്ങളിൽ ബസുകളിൽ കുട്ടികൾ കുടുങ്ങിപ്പോയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണം നടത്തിവരികയാണ്. ബസ് ഡ്രൈവർമാർ ഈ വിഷയത്തിൽ കഴിവിന്റെ പരമാവധി ശ്രദ്ധിക്കണം. കുട്ടികൾ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും പതിവായി ബസിൽ പരിശോധന നടത്തണം. സ്കൂൾ ജീവനക്കാർക്കും ഈ വിഷയത്തിൽ ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പുതിയ ആപ് ആരംഭിക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്. കുട്ടികൾ ബസിൽ കയറുന്നതു മുതൽ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാൻ കഴിയുന്ന ആപ്ലിക്കേഷനാണിത്. നിലവിൽ കുട്ടികളെ നിരീക്ഷിക്കാൻ ബസുകളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ ബസുകളിൽ ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഇതിന്റെ പ്രധാന ഉദ്യേശ്യം.
സ്കൂൾ പരിസരങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്നും വാഹനം മറികടക്കൽ അടക്കമുള്ള ഗതാഗത ലംഘനങ്ങൾ നിരീക്ഷിക്കുമെന്നും അധികൃതർ പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ പൊലീസിന്റെ റോന്ത് ചുറ്റൽ ശക്തമാക്കുകയും എല്ലാ സമയവും പൊലീസ് സാന്നിധ്യം ഉണ്ടാവുകയും ചെയ്യും. ഇത്രയേറെ ബോധവത്കരണം നടത്തിയിട്ടും ഓരോ വർഷവും ഒന്നോ രണ്ടോ കുട്ടികൾ സ്കൂൾ ബസിൽ ഉപേക്ഷിക്കപ്പെടുന്ന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില സംഭവങ്ങളിൽ കുട്ടികളുടെ ജീവൻ നഷ്ടപ്പെടാനും കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.