മസ്കത്ത്: തിരുപ്പിറവിയുടെ സന്ദേശം പകർന്ന് 150ാളം ഗായകർ അണിനിരന്ന മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയുടെ ക്രിസ്മസ് കരോൾ സന്ധ്യ അരങ്ങേറി.
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ ഉദ്ഘോഷിച്ച് കുരുന്നുകളും മുതിർന്നവരുമടക്കമുള്ള സംഘം ഒരുക്കിയ ക്രിസ്മസ് കരോൾ പുത്തൻ അനുഭവമായി. മലങ്കര സഭയുടെ ക്രിസ് സെബി അച്ഛൻ പരിശീലിപ്പിച്ച ‘കൂരിരുൾ നിറയുമീ ധരയിൽ’ എന്ന ക്ലാസിക്കൽ ഗാനമായിരുന്നു ഈ വർഷത്തെ കരോൾ പരിപാടിയുടെ പ്രധാന ആകർഷണം. യുവജന പ്രസ്ഥാന അംഗങ്ങൾ അവതരിപ്പിച്ച ‘ശാബത്’ ബൈബിൾ നാടകവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.
ബിജു പാണ്ടങ്കിരിയായിരുന്നു നാടകത്തിന്റെ സംവിധായകൻ. സൺഡേസ്കൂൾ കുട്ടികൾ അവതരിപ്പിച്ച തിരുജനനത്തെ അനുസ്മരിച്ചു കൊണ്ടുള്ള ലഘു നാടകം, കാൻഡിൽ ഡാൻസ്, ബൈബിൾ പാരായണം, യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന നാടൻ കരോൾ എന്നിവയും പരിപാടികൾക്ക് മാറ്റുകൂട്ടി.
അസോ. വികാരി ഫാ. എബി ചാക്കോയുടെ പ്രാർഥനയോടെ തുടക്കം കുറിച്ച ആഘോഷ പരിപാടികളിൽ മലബാർ ഭദ്രാസന വൈദികൻ ഫാ ലിജോ കെ. ജോസ് ക്രിസ്മസ്സ് സന്ദേശം നൽകി. ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐ-പ്പ് അധ്യക്ഷത വഹിച്ചു. ഇടവക ട്രസ്റ്റി ബിജു ജോർജ് വിശിഷ്ടാതിഥികൾക്ക് സ്വാഗതം പറഞ്ഞു.
ഫാ. ക്രിസ് സെബി, മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗം ഡോ. ഗീവർഗീസ് യോഹന്നാൻ, അഡ്വ എബ്രഹാം മാത്യു എന്നിവർ സംസാരിച്ചു. കൺവീനർ ബൈജു ബാബു ജോൺ നന്ദി പറഞ്ഞു. കരോൾ പരിപാടികൾക്ക് ഇടവക സെക്രട്ടറി സജി എബ്രഹാം, കോ-ട്രസ്റ്റി ഡോ കുരിയൻ എബ്രഹാം കൺവീനർമാരായ ബൈജു ബാബു ജോൺ, ബിജു ജോൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.