മസ്കത്ത്: മഴ അടക്കമുള്ള കാലാവസ്ഥ വ്യതിയാനം ഒമാനിൽ ചില മത്സ്യങ്ങളുടെ ലഭ്യത കുറയുന്നു. ഇതോടെ വിലയും വർധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് പരിഹരിക്കാൻ കൃഷി, മത്സ്യ ജല വിഭവ മന്ത്രാലയവും രംഗത്തിറങ്ങി. മത്സ്യമേഖലയും ഫാക്ടറികളുമായി ബന്ധപ്പെട്ടും വിവിധ ഗവർണറേറ്റുകളിലെ മത്സ്യ മാർക്കറ്റുകളിൽ നിരീക്ഷണം നടത്തിയും മത്സ്യലഭ്യത ഉറപ്പാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
അടുത്തിടെ ഒമാനിൽ അനുഭവപ്പെടുന്ന ന്യൂനമർദങ്ങൾ മത്സ്യ ബന്ധന മേഖലയെയാണ് കൂടുതൽ ബാധിക്കുന്നത്. ഒമാനിൽ അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥയും മഴയുമൊക്കെ മത്സ്യ ബന്ധനത്തിന് പോകുന്നവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരം കാലാവസ്ഥ കാരണം മീൻപിടിത്തക്കാർ കടലിൽ പോവാൻ മടിക്കുകയാണ്. പല ഭാഗങ്ങളിലും കടൽ പ്രക്ഷുബ്ധമാവുന്നുണ്ട്. പലയിടങ്ങളിലും കടലിൽ പോവുന്നതിന് വിലക്കുമുണ്ട്. ഇക്കാരണങ്ങളാൽ മത്സ്യബന്ധനം കുറഞ്ഞിട്ടുണ്ട്.
സുലഭമായി കിട്ടിയിരുന്ന പല മത്സ്യങ്ങളും മാർക്കറ്റിൽ കുറവാണ്. കൂടുതൽ മത്സ്യങ്ങൾ പിടിച്ച് വിപണിയിലെ ലഭ്യത വർധിപ്പിക്കാൻ മൊത്ത വ്യാപാരസ്ഥാപനങ്ങൾക്ക് കഴിയും. നിലവിലെ മത്സ്യങ്ങളുടെ താൽക്കാലിക ക്ഷാമം പരിഹരിക്കാൻ മത്സ്യക്കമ്പനികൾക്കും ഫാക്ടറികൾക്കും കഴിയുമെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു.
ഫാക്ടറികളും കമ്പനികളും നിലവിലെ സാഹചര്യം കണക്കിലെടുത്ത് മത്സ്യം മാർക്കറ്റിലിറക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് താൽക്കാലിക സംഭവം മാത്രമാണെന്നും പ്രതിസന്ധി തീരുന്നതോടെ മാർക്കറ്റിന് സ്ഥിരത ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. മാർക്കറ്റിലെ മത്സ്യലഭ്യതയും വിലവർധനയുമൊക്കെ അധികൃതർ സൂക്ഷ്മമായി വിലയിരുത്താറുണ്ട്. കിങ് ഫിഷ് അടക്കമുള്ള മത്സ്യങ്ങളുടെ ലഭ്യത കുറയുമ്പോൾ ഇത്തരം മത്സ്യങ്ങൾക്ക് കയറ്റുമതി നിയന്ത്രണം അടക്കമുള്ളവയും സർക്കാൻ നടപ്പാക്കാറുണ്ട്. ചില ഇനം മീൻ കുഞ്ഞുങ്ങളെ പിടിക്കുന്നതിന് ഒമാനിൽ നിയന്ത്രണങ്ങളുണ്ട്. ഒമാന്റെ മത്സ്യസമ്പത്ത് കുറയാതിരിക്കാനാണ് ഇത്തരം നിയന്ത്രണങ്ങൾ മന്ത്രാലയം നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.