മസ്കത്ത്: ഒമാനിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനം ജനങ്ങളുടെ ജീവിതശൈലിയിലും മാറ്റമുണ്ടാക്കുന്നു. ഒരുകാലത്ത് ഒമാനിൽ അപൂർവ കാഴ്ചയായിരുന്ന മഴ. എന്നാൽ, കഴിഞ്ഞ ചിലവർഷങ്ങളായി നിരവധി ന്യൂനമർദങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് അനുഭവപ്പെടുന്നത്. മഴയുടെ അളവും ഗണ്യമായി വർധിച്ചു. മുൻകാലങ്ങളിൽ മഴ ഭാഗികമായിരുന്നത് ഇപ്പോൾ ഒമാന്റെ ഏതാണ്ടെല്ലാ ഭാഗത്തുമുണ്ട്. മൂന്ന് മാസത്തിനുള്ളിൽ കനത്ത രണ്ട് മഴകളാണ് പെയ്തത്. അതോടൊപ്പം പ്രദേശികമായി പെയ്യുന്ന ചെറിയ മഴകൾ വേറെയും. 10 വർഷം മുമ്പ് വരെ പേരിന് മാത്രമാണ് മഴ പെയ്തിരുന്നത്. രണ്ടും മൂന്നും വർഷം തുടർച്ചയായി തീരെ മഴ പെയ്യാത്ത അവസ്ഥയും ഉണ്ടായി. കടുത്ത വരൾച്ച ഹരിതസമ്പത്തിന് ഭീഷണിയാവുകയും ഭൂഗർഭജലം താഴാനും കാരണമായി.
അടുത്തിടെ തുടർച്ചയായി മഴ പെയ്യാൻ തുടങ്ങിയതോടെ ജീവിതശൈലിയിലടക്കം നിരവധി മാറ്റമുണ്ടാക്കി. തുടർ സംഭവമായതോടെ മഴയെ നേരിടാനുള്ള സംവിധാനങ്ങളും ശക്തമാക്കി. ഇതിന്റെ ഭാഗമായി മഴവെള്ളം സംഭരിക്കാനും കെടുതികൾ ഒഴിവാക്കാനും നിരവധി ഡാമുകളാണ് ഒമാനിൽ അടുത്ത കാലത്തായി നിർമിച്ചത്. ഇനിയും നിരവധി ഡാമുകൾ നിർമിക്കാനുള്ള പദ്ധതികളുണ്ട്. റോഡ്, കെട്ടിട നിർമാണത്തിലും ഇപ്പോൾ മഴയെ പരിഗണിക്കുന്നുണ്ട്. മുൻകാലങ്ങളിൽ റോഡ് നിർമിക്കുമ്പോൾ ഓവുചാലുകളും വെള്ളം ഒഴുകിപ്പോവാനുള്ള സൗകര്യങ്ങളും പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാൽ, അടുത്തകാലങ്ങളിൽ നിർമിക്കുന്ന റോഡുകളിൽ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഉയർത്തുന്നുമുണ്ട്.
റൂവി അടക്കമുള്ള നിരവധി ഭാഗങ്ങളിൽ വെള്ളം കയറുന്ന പഴയ റോഡുകൾ ഉയർത്തി നവീകരിച്ചു. ഇതോടെ പ്രധാന റോഡുകളിൽ മഴയുണ്ടാവുമ്പോഴുള്ള ഗതാഗതതടസ്സവും കുരുക്കും ഒഴിവായി. പുതിയ എല്ലാ റോഡുകളും വെള്ളം ഒഴുകിപ്പോവാനുള്ള കൃത്യമായ സൗകര്യത്തോടെയാണ് നിർമിക്കുന്നത്. വർഷത്തിൽ രണ്ടും മൂന്നും തവണ മഴ പെയ്യാൻ തുടങ്ങിയതോടെ ഭൂഗർഭ ജലനിരപ്പും ഉയർന്നു. ഇതുകാരണം വിവിധ ഭാഗങ്ങളിൽ നീരുറവകളും കാണപ്പെടുന്നു. റൂവിയിൽ പഴയ വിമാനത്താവളം ഉൾപ്പെടുന്ന വാദിയിൽ ശഹീനിന് ശേഷം പുതിയ ഉറവ ഉണ്ടായിരുന്നു. ഏറെ കാലമായി വരണ്ടുകിടക്കുകയായിരുന്ന ഈ വാദിയിൽ ശക്തമായ മഴയെ തുടർന്നാണ് കേരളത്തെ ഓർമിപ്പിക്കുംവിധം നീരുറവ കാണാൻ തുടങ്ങിയത്.
ഒമാന്റെ മറ്റ് നിരവധി ഭാഗങ്ങളിലും ഇത്തരം ഉറവകൾ കാണപ്പെടുന്നുണ്ട്. കൂടുതൽ മഴ പെയ്യുന്നത് ഇത്തരം ഉറവകളിലെ ഒഴുക്ക് വർധിക്കാൻ സഹായകമാവും. ഒമാനിൽ കുടയുടെ ഉപയോഗവും വർധിച്ചു. ശഹീനിന് ശേഷം കുടകൾക്ക് ഡിമാൻഡ് വർധിച്ചതായി കടയുടമകൾ പറയുന്നു. ഇപ്പോൾ പലരും വാഹനങ്ങളിലും വീടുകളിലും കുടകൾ സൂക്ഷിച്ചുവെക്കുന്നുണ്ട്. വേനൽക്കാലത്ത് കടും ചൂടിൽനിന്ന് രക്ഷപ്പെടാൻ ഫിലിപ്പീൻ സ്വദേശികളായിരുന്നു കുട ഉപയോഗിച്ചിരുന്നത്. മലയാളികൾ നാട്ടിൽ കൊണ്ടുപോവാൻ മാത്രമാണ് കുട വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.