മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ ബീച്ച് സംരക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. ഗതാഗത വകുപ്പ് പ്രതിനിധാനംചെയ്ത് മുനിസിപ്പാലിറ്റി, സുഹാർ വിലായത്തിലെ കർവാൻ, സലാൻ മേഖലകളിൽ 45,000 റിയാൽ ചെലവിലാണ് തീരം സംരക്ഷിക്കുന്നതിനുള്ള പ്രവൃത്തികൾ നടത്തുന്നത്. 2022ലെ കടൽത്തിരയിൽ നാശനഷ്ടമുണ്ടായ വീടുകളുടെ ഭാഗം മുതൽ മത്സ്യമാർക്കറ്റ് വരെയുള്ള സംരക്ഷണപ്രവർത്തനങ്ങൾ പൂർത്തിയായി. കടൽത്തീരത്തുനിന്ന് വീടുകളിലേക്ക് പോകുന്ന റോഡിന്റെ നിർമാണവും നടത്തി. തിരമാലകളുടെ ആഘാതത്തിൽ റോഡ് പൂർണമായും സഞ്ചാരയോഗ്യമല്ലാതായിരിക്കുകയായിരുന്നു.
വീടുകളിൽ തിരമാലകളുടെ ആഘാതം കുറക്കുന്നതിനായി കടൽത്തീരത്തുനിന്ന് പാറകൾ ഉപയോഗിച്ച് തടയണകൾ സ്ഥാപിച്ച് 10 മീറ്ററിൽ കുറയാത്ത വീതിയിൽ റോഡും നിർമിച്ചിട്ടുണ്ട്. സുഹാർ മുനിസിപ്പാലിറ്റിയിലെ ഗതാഗത വകുപ്പ് നേരത്തേ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കാൻ തുടങ്ങിയിരുന്നതായി പദ്ധതിയുടെ സൂപ്പർവൈസർ എൻജിനീയർ ഉമർ ബിൻ സയീദ് അൽ ദഹ്ലി പറഞ്ഞു.
തടയണക്കും പാർപ്പിട പ്രദേശത്തിനും ഇടയിലുള്ള സ്ഥലം 18 മീറ്ററാണ്. തീരം ഇടിയൽ എന്ന പ്രതിഭാസത്തിൽനിന്ന് ഈ സൈറ്റുകളുടെ ആഘാതം കുറക്കുന്നതിനും പൗരന്മാരുടെ വീടുകളും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും പദ്ധതി ഗുണംചെയ്യുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
സുഹാർ മുനിസിപ്പാലിറ്റി വകുപ്പ് മുമ്പ് നടപ്പാക്കിയ സംരംഭങ്ങളുടെ ചട്ടക്കൂടിലാണ് പ്രവൃത്തികൾ വരുന്നതെന്ന് എൻജിനീയർ ഉമർ അൽ-ദുഹ്ലി കൂട്ടിച്ചേർത്തു. കടൽത്തീരത്തെ മണ്ണൊലിപ്പ് ബാധിച്ച സ്ഥലങ്ങളിൽ വലിയ വലുപ്പത്തിലുള്ള ചുണ്ണാമ്പുകല്ലുകളും നിരത്തിയിട്ടുണ്ട്. ശാശ്വത പരിഹാരത്തിന് വിദഗ്ധരുടെ ആഴത്തിലുള്ള പഠനം ആവശ്യമാണ്. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രവൃത്തികൾ അന്തിമ പരിഹാരമല്ല എന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.