മസ്കത്ത്: സഹകരണങ്ങൾ വിപുലപ്പെടുത്തിയും ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും രണ്ട് ദിവസത്തെ ഔദ്യോഗിക യു.എ.ഇ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് മസ്കത്തിലെത്തി. യാത്രയയപ്പ് ചടങ്ങിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേതൃത്വം നൽകി. ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും യു.എ.ഇ പ്രസിഡന്റിന് നന്ദി അറിയിച്ച് സുൽത്താൻ കേബിൾ സന്ദേശം അയക്കുകയും ചെയ്തു.
സന്ദർശനത്തിന്റെ ഭാഗമായി ഒമാനും യു.എ.ഇയും നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. നിക്ഷേപം, പുനരുപയോഗ ഊർജം, റെയിൽവേ, ആധുനിക സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലാണ് കരാറുകളിലും ധാരണാപത്രങ്ങളിലും എത്തിയത്. സാമ്പത്തിക, നിക്ഷേപ സഹകരണ മേഖലകളിലെ നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യാനും തിരിച്ചറിയാനും കൈമാറാനും ലക്ഷ്യമിട്ട് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും യു.എ.ഇ നിക്ഷേപ മന്ത്രാലയവുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് കൂടിക്കാഴ്ച നടത്തി. അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്കും സുൽത്താൻ സന്ദർശിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും (ഹെഡ് ഓഫ് ദി മിഷൻ ഓഫ് ഓണർ) സുൽത്താനെ അനുഗമിച്ചു.
തിങ്കളാഴ്ച യു.എ.ഇയിൽ എത്തിയ സുൽത്താന് ഉഷ്മള വരവേൽപായിരുന്നു ലഭിച്ചത്. അബൂദബിയിലെ പ്രസിഡൻഷ്യൽ എയർപോർട്ടിലെത്തിയ സുൽത്താനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പിന്നീട് ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിൽ ഒമാനും യു.എ.ഇയുമായി ബന്ധപ്പെട്ടതും പരസ്പരം താൽപര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളുമായിരുന്നു ചർച്ച ചെയ്തത്.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് എന്നിവരായിരുന്നു സുൽത്താനെ അനുഗമിച്ചിരുന്നത്.
യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് നടത്തിയ കൂടിക്കാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.