മസ്കത്ത്: കടലാമകളുടെ സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തെക്കൻ ശർഖിയയിലെ ഗവർണറേറ്റുകളിൽ 70 ടൺ പരിസ്ഥിതി മാലിന്യങ്ങൾ നീക്കം ചെയ്തു. അതോറിറ്റി വർഷം 30 ആഴ്ചകളിൽ ആമ സർവേ നടത്തി. ഒമ്പത് ലോഗർഹെഡ് ആമകളെ രക്ഷപ്പെടുത്തുകയും ചെയ്തു. കടലാമ കൂടുണ്ടാക്കുന്നതിന് പേരുകേട്ട ഗവർണറേറ്റിലെ ബീച്ചുകൾ സംരക്ഷിക്കുന്നതിനായി അതോറിറ്റി നിരവധി പ്രചാരണങ്ങളും പരിപാടികളുമാണ് സംഘടിപ്പിച്ചുവരുന്നത്. ഉപഗ്രഹങ്ങൾ വഴി കടലാമകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം നവംബറിൽ അതോറിറ്റി ആരംഭിച്ചു. ഇതിന്റെ ഭാഗമായി റാസ് അൽ ജിൻസ് പ്രദേശത്ത് അഞ്ച് ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിച്ചു.
ആദ്യ ഘട്ടത്തിൽ ഗവർണറേറ്റിലെ റാസൽ ഹദ്ദിലായിരുന്നു ട്രാക്കിങ് നടപ്പാക്കിയിരുന്നത്. കടലാമകളുടെ കുടിയേറ്റം നിരീക്ഷിക്കുക, സംരക്ഷിക്കാൻ മികച്ച രീതികൾ നടപ്പാക്കുക, കൂടുകൂട്ടലും പ്രകൃതിദത്ത ആവാസ വ്യവസ്ഥയും പഠിക്കുക, കൂടുണ്ടാക്കുന്നതിലും ഭക്ഷണം നൽകുന്ന സ്ഥലങ്ങളിലും അവരുടെ പെരുമാറ്റം മനസ്സിലാക്കുക തുടങ്ങിയവയാണ് കടലാമകളുടെ ഉപഗ്രഹ ട്രാക്കിങ്ങിലൂടെ ലക്ഷ്യമിടുന്നത്. സമുദ്ര പരിസ്ഥിതി സംരക്ഷണ വകുപ്പ്, കൺസർവേഷൻ എൻവയൺമെന്റ് ഓഫിസ്, എൻവയൺമെന്റൽ മോണിറ്ററിങ് ഓഫിസ്, തീരദേശ ഗവർണറേറ്റുകളിൽനിന്നുള്ള പരിസ്ഥിതി മോണിറ്റർമാർ, സൂപ്പർവൈസർമാർ, ഫൈവ് ഓഷ്യൻസ് എൻവയൺമെന്റൽ സർവിസസിലെ വിദഗ്ധർ തുടങ്ങിയവരുടെ പങ്കാളിത്തം പദ്ധതിയുടെ ഭാഗമായുണ്ടാകും.
രാജ്യത്ത് ആമകളുടെ സംരക്ഷണത്തിന് വളരെ പ്രാധാന്യമാണ് നൽകുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കടലാമയായ ലോഗർഹെഡ് ഉൾപ്പെടെ, ലോകത്ത് കാണപ്പെടുന്ന ഏഴിനം കടലാമകളിൽ നാലെണ്ണവും ഒമാനിലാണ്. ഗ്രീൻ ടർട്ടിൽ, ഹോക്സ്ബിൽ ടർട്ടിൽ, ഒലിവ് റിഡ്ലി ടർട്ടിൽ എന്നിവയാണ് ഒമാനിൽ കാണുന്ന മറ്റ് ഇനം ആമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.