മസ്കത്ത്: ബർകയിലെ ഖസാൻ ഇക്കണോമിക് സിറ്റിയിൽ ഒരുങ്ങുന്ന പുതിയ സെൻട്രൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റിന്റെ സൗകര്യങ്ങൾ വാടകക്ക് നൽകാനുള്ള പദ്ധതികളുടെ രണ്ടാം ഘട്ടത്തിന് അധികൃതർ തുടക്കമിട്ടു. പച്ചക്കറി, പഴം മൊത്തവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളെയാണ് അധികൃതർ ക്ഷണിച്ചിരിക്കുന്നത്. അടുത്ത വർഷം തുടങ്ങുന്ന മാർക്കറ്റിന്റെ ബുക്കിങ് ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കും. പുതിയ മാർക്കറ്റിന്റെ നിർമാണം 75 ശതമാനം പൂർത്തിയായിട്ടുണ്ട്.
വിശാലമായ സൗകര്യത്തോടെ ഒരുങ്ങുന്ന മാർക്കറ്റ് ദേശീയതലത്തിൽതന്നെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ്. ജനസംഖ്യയുടെ പകുതിയിലേറെപ്പേരുടെയും വിപണി ആവശ്യങ്ങൾ ഇതിലൂടെ നിറവേറ്റും. 500,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മാർക്കറ്റിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ആദ്യം, റാക്കിസയുടെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ ഒരു കൺസോർട്ട്യം ഖസാൻ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ സെൻട്രൽ മാർക്കറ്റ് കമ്പനി സ്ഥാപിച്ചിരുന്നു. പുതിയ ഖസാൻ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ സെൻട്രൽ മാർക്കറ്റിൽ വലിയ ട്രക്കിങ് കാർ പാർക്ക്, കോൾഡ് സ്റ്റോറേജ്, വെയർഹൗസ്, കസ്റ്റംസ്, അഗ്രികൾചറൽ ലാബ് ടെസ്റ്റിങ് സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും.
മാർക്കറ്റ് പ്രവർത്തിക്കുന്നതോടെ രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം ആളുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഫുഡ് പാക്കിങ്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട ഭക്ഷ്യ വ്യവസായ മേഖല, മൂല്യവർധിത നിക്ഷേപങ്ങൾക്കായുള്ള ഭക്ഷ്യ സംസ്കരണ ക്ലസ്റ്റർ എന്നിവയുമുണ്ടാകും. ഒമാനിലെ ഇത്തരത്തിലുള്ള ഇന്റഗ്രേറ്റഡ് ഫുഡ് ഹബ്ബായി കണക്കാക്കുന്ന ഫുഡ് സിറ്റിയിലെ മൊത്തം നിക്ഷേപം 40 ദശലക്ഷത്തിലധികം റിയാൽ വരും. സർക്കാറിന്റെ ഭക്ഷ്യസുരക്ഷ തന്ത്രങ്ങളെ പിന്തുണക്കാൻ സഹായമാകുന്നതാണ് ഖസാൻ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾസ് സെൻട്രൽ മാർക്കറ്റ്.
വിവിധ പച്ചക്കറികളുടെയും പഴങ്ങളുടെയും ഉൽപന്നങ്ങളുടെ തണുത്തതും ഉണങ്ങിയതുമായ സംഭരണത്തിനുള്ള സംയോജിത ലോജിസ്റ്റിക് പരിഹാരങ്ങൾ, സംഭരണം, പാക്കേജിങ്, ഗതാഗതം എന്നിവയുൾപ്പെടെ അനുബന്ധ ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്ക് സേവനം നൽകുന്ന ആധുനിക നൂതന സൗകര്യങ്ങളും ഇത് നൽകും. ശീതീകരണ ശൃംഖലയും വിതരണവും മെച്ചപ്പെടുത്തുകയും പച്ചക്കറി, പഴം, ഭക്ഷ്യ മേഖലകളിലെ പ്രാദേശിക, അന്തർദേശീയ നിക്ഷേപകരെ ആകർഷിക്കാൻ വളരെയധികം സഹായിക്കുകയും ചെയ്യും. മറ്റു ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി, ഇറക്കുമതി എന്നിവക്കുള്ള ഒരു അന്താരാഷ്ട്ര കേന്ദ്രമായും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.