മസ്കത്ത്: രാജ്യത്തെ പരിസ്ഥിതിക്കും കാർഷിക വിളകൾക്കും ഭീഷണിയാകുന്ന അധിനിവേശ പക്ഷികളായ മൈനകളെയും കാക്കകളെയും തുരത്താനുള്ള രണ്ടാംഘട്ട കാമ്പയിന് ദോഫാർ ഗവർണറേറ്റിൽ തിങ്കളാഴ്ച തുടക്കമാകും. സെപ്റ്റംബർ നാലു മുതൽ ഏഴുവരെ സദ, 10-15 വരെ മിർബാത്ത്, 17-28 വരെ താഖ എന്നീ പ്രദേശങ്ങളിലാണ് അക്രമകാരികളായ പക്ഷികളെ തുരത്താനുള്ള ശ്രമങ്ങൾ നടക്കുക. രണ്ടാം ഘട്ട കാമ്പയിനിന്റെ സമാപന പ്രവർത്തനങ്ങൾ സലാലയിൽ ഒക്ടോബർ ഒന്നു മുതൽ 26 വരെയായിരിക്കും. ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ 60,320 മൈനകളും 43,753 ഇന്ത്യൻ കാക്കകളും ഉൾപ്പെടെ 1,04,073 പക്ഷികളെയാണ് ഇല്ലാതാക്കിയത്. ദോഫാറിലാണ് കാമ്പയിൻ തുടങ്ങിയിരിക്കുന്നതെങ്കിലും വരുംമാസങ്ങളിൽ മസ്കത്ത്, വടക്കൻ ബാത്തിന എന്നിവയുൾപ്പെടെയുള്ള മറ്റു ഗവർണറേറ്റുകളിലും ഇത്തരം പക്ഷികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടി തുടരും. പക്ഷികൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെണിവച്ച് പിടിക്കുന്നതിന് പുറമെ എയർഗൺ ഉപയോഗിച്ചും ഇവയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
രാജ്യത്ത് മൈനകളുടെയും കാക്കകളുടെയും ശല്യം വർധിച്ചതോടെയാണ് പരിസ്ഥിതി അതോറിറ്റി പ്രശ്നങ്ങൾക്ക് പരിഹാരം തേടിയത്. കൃഷികളും മറ്റും നശിപ്പിച്ച് വ്യാപകമായ നാശനഷ്ടങ്ങളാണ് ഇവ വരുത്തുന്നത്. ഗോതമ്പ്, നെല്ല് തുടങ്ങിയ ധാന്യങ്ങളും മുന്തിരി, ആപ്രിക്കോട്ട്, പിയേഴ്സ് തുടങ്ങിയ പഴവർഗങ്ങളുമാണ് നശിപ്പിക്കുന്നത്. മൈനകളും കാക്കകളുമുണ്ടാക്കുന്ന നാശനഷ്ടങ്ങൾ കുറക്കുന്നതിനെക്കുറിച്ചും ഇവയുടെ വ്യാപനം നിയന്ത്രിക്കുന്നതിനെപ്പറ്റിയും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഒമാനിൽ 1,60,000ത്തിലധികം മൈനകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയുടെ വ്യാപനം നിയന്ത്രിക്കാനായി 2022 ഏപ്രിലിൽ പരിസ്ഥിതി അതോറിറ്റി ടീമിനെ രൂപവത്കരിച്ചിരുന്നു. പക്ഷികളുടെ വ്യാപനം തടയാനുള്ള അന്താരാഷ്ട്ര വിദഗ്ധയായ സൂസന സാവേദ്രയുമായാണ് അധികൃതർ ഇതിനായി കരാർ ഉണ്ടാക്കിയത്. അവർ സലാലയിലും മസ്കത്തിലും സന്ദർശനം നടത്തുകയും മൈനകളെയും കാക്കകളെയും നിരീക്ഷിക്കാനുള്ള പ്രാരംഭ പദ്ധതികൾ ആരംഭിക്കുകയും ചെയ്തിരുന്നു. മറ്റു പക്ഷികളുടെ മുട്ടകൾ മൈന നശിപ്പിക്കുന്നത് പ്രകൃതിയുടെ വൈവിധ്യത്തിന് ഭീഷണിയാവുന്നുണ്ട്. ഇന്ത്യ അടക്കമുള്ള ഉഷ്ണമേഖല രാജ്യങ്ങളിലാണ് മൈനയെ സാധാരണ കണ്ടുവരുന്നത്. കൃഷിയിടങ്ങളിലും പാർപ്പിട മേഖലകളിലുമാണ് മൈനയെ കൂടുതലായി കാണുന്നത്.
സലാലയിലെ ചില വിലായത്തുകളിൽ ഇവ വല്ലാതെ വർധിക്കുന്നുണ്ട്. ഗവർണറേറ്റിൽ താഖാ, മിർബാത്ത് വിലായത്തുകളെ അപേക്ഷിച്ച് സലാലയിലെ തോട്ടങ്ങളിലും പൊതുപാർക്കുകളിലും 80 ശതമാനം കൂടുതലാണ് മൈനകൾ. താഖയിൽ 12 ശതമാനവും മിർബാത്തിലും മറ്റു ഭാഗങ്ങളിലും എട്ടു ശതമാനവുമാണ് മൈനകൾ. ഇത്തരം പക്ഷികളുടെ വർധന തടയാൻ മറ്റു വിഭാഗങ്ങളുമായി സഹകരിച്ച് കർശന നടപടികൾ എടുക്കുകയാണ് പരിസ്ഥിതി സംരക്ഷണ വിഭാഗം. മറ്റു പ്രാദേശിക ജീവികൾക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന വിപരീത ഫലം ഒഴിവാക്കാനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.