മസ്കത്ത്: ആധുനിക ഒമാന്റെ ശിൽപിയെന്ന് വിശേഷിപ്പിക്കുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടുവർഷം. നയതന്ത്രജ്ഞൻ, സമാധാനകാംക്ഷി തുടങ്ങി ഒട്ടനവധി വിശേഷണങ്ങൾക്കർഹനായ പ്രിയ ഭരണാധികാരിയുടെ ഓർമകൾ ഇന്നും ജനമനസ്സുകളിൽ മായാതെ നിൽക്കുന്നു. 2020 ജനുവരി 10ന് 79ാമത്തെ വയസ്സിലായിരുന്നു ഒമാനെ സങ്കടക്കടലിലാഴ്ത്തി സുൽത്താൻ വിടപറഞ്ഞത്.
1970 ജൂലൈ 23ന് ഭരണസാരഥ്യം സുൽത്താൻ ഖാബൂസ് ഏറ്റെടുക്കുമ്പോൾ അറബ് മേഖലയിൽപോലും അധികമാരും അറിയാത്ത രാജ്യമായിരുന്നു ഒമാൻ. മലമടക്കുകൾ നിറഞ്ഞ തീർത്തും അവികസിതവും ദരിദ്രവുമായ ഒരു രാജ്യം. ഗോത്രവർഗ കലാപങ്ങൾ അവസാനിപ്പിക്കുന്നതിനാണ് അദ്ദേഹം പ്രഥമ പരിഗണന നൽകിയത്. സുൽത്താനേറ്റ് ഓഫ് മസ്കത്ത്, ഒമാൻ എന്നായിരുന്നു സുൽത്താൻ ഖാബൂസ് അധികാരമേൽക്കുമ്പോൾ രാജ്യത്തിന്റെ പേര്. അധികാരമേറ്റശേഷം രാജ്യത്തിന്റെ പേര് സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നാക്കി മാറ്റി. സലാലയുൾപ്പെടെ വിവിധ ഗോത്രവർഗ പ്രദേശങ്ങളെയടക്കം ചേർത്തുപിടിക്കാനും വിശാലമായ ഒരു രാഷ്ട്രമാക്കി ഒമാനെ പരിവർത്തിപ്പിക്കാനും ഇതുവഴി സാധിച്ചു.
ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും ഒരു രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂർവ കാഴ്ചക്കാണ് തുടർന്നുള്ള 50 വർഷം ഒമാൻ സാക്ഷ്യംവഹിച്ചത്. രാജ്യത്തിന്റെ എണ്ണ സമ്പത്ത് വികസനത്തിനും ജനക്ഷേമത്തിനും ഉപയോഗിച്ചതോടെ ജനങ്ങളുടെ വിശ്വാസവും സ്നേഹവും കരുതലും അദ്ദേഹത്തെ തേടിയെത്തി. അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസത്തിനും പൗരന്മാരുടെ ആരോഗ്യത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമാണ് സുൽത്താൻ തുടർന്നുള്ള ഭരണത്തിൽ ഊന്നൽ നൽകിയത്.
അധികാരമേൽക്കുമ്പോൾ തലസ്ഥാനമായ മസ്കത്തിൽനിന്ന് ഏഴു കിലോമീറ്റർ മാത്രമാണ് ടാർ ചെയ്ത റോഡ് ഉണ്ടായിരുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച റോഡ് ഗതാഗത ശൃംഖലയുള്ള രാഷ്ട്രമാണ് ഒമാൻ. അധികാരത്തിലേറുമ്പോൾ വിരലിലെണ്ണാവുന്ന ആശുപത്രികൾ മാത്രമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടുകളോടെ കാര്യങ്ങളെ സമീപിച്ചതോടെ മുഴുവൻ ഗ്രാമങ്ങളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും പ്രാദേശിക ആസ്ഥാനങ്ങളിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ആശുപത്രികളും സജ്ജമാക്കാൻ സാധിച്ചു. ഇന്ന് എല്ലാ വിലായത്തുകളിലും സ്കൂളുകളും രാജ്യത്തിന്റെ എല്ലാ ഭാഗത്തും യൂനിവേഴ്സിറ്റികളും പ്രവർത്തിക്കുന്നു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീകൾക്ക് അദ്ദേഹം തുല്യപദവി നൽകി. എന്നും സമാധാനത്തിന്റെ തുരുത്തായി സുൽത്താനേറ്റിനെ നിലനിർത്തുന്നതിൽ സുൽത്താന്റെ നയങ്ങൾ ഏറെ സഹായകരമായി. നയതന്ത്രജ്ഞതയിലും വിദേശകാര്യ നയത്തിന്റെ രൂപവത്കരണത്തിലും അറബ് മേഖലയിൽ എന്നും വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സഈദ്. നയതന്ത്രജ്ഞതയുടെ സുൽത്താൻ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. അറബ് മേഖലയിലും അതിനപ്പുറവും ഉരുണ്ടുകൂടിയ കാർമേഘങ്ങളെ ശാന്തിയുടെ ഉറവകളാക്കി മാറ്റിയെടുക്കാൻ സുൽത്താൻ മുൻപന്തിയിലായിരുന്നു. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ശൈഖ മസൂൺ അല്‍ മഷാനിയുടെയും ഏക മകനായി 1940 നവംബര്‍ 18ന് സലാലയിലാണ് സുൽത്താൻ ഖാബൂസ് ജനിച്ചത്. സലാലയിലും പുണെയിലുമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പുണെയിൽ മുൻ ഇന്ത്യൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ ഇദ്ദേഹത്തിന്റെ അധ്യാപകനായിരുന്നു. പിന്നീട് ലണ്ടനിലെ സ്റ്റാൻഡേർഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനിക യുദ്ധതന്ത്രങ്ങളില്‍ നൈപുണ്യം നേടി. മിലിട്ടറി അക്കാദമിയിലെ പഠനം പൂർത്തിയാക്കിയശേഷം ബ്രിട്ടീഷ് പട്ടാളത്തിലും ജോലിചെയ്തു.
സുൽത്താൻ ഖാബൂസിന്റെ വഴികളിലൂടെ തന്നെയാണ് സുൽത്താൻ ഹൈതം ബിൻ ത്വാരിഖും മുന്നോട്ടുപോകുന്നത്. ആധൂനിക ലോകത്തിനൊപ്പം രാജ്യത്തെ ചലിപ്പിക്കാനുള്ള പദ്ധതികളാണ് സുൽത്താന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.