മസ്കത്ത്: ഒമാന്റെ 54 ാമത് ദേശീയ ദിനം നാളെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി നാടു നീളെ കൊടികളും തോരണങ്ങളും നിറഞ്ഞു കഴിഞ്ഞു. സ്വദേശികൾക്കൊപ്പം വിദേശികളും ആഘോഷങ്ങളിൽ പങ്കാളികളാവും. പ്രധാന റോഡുകളിലും ഒമാന്റെ മൂവർണ പതാകയും അലങ്കാര വിളക്കുകളും നിറഞ്ഞു കഴിഞ്ഞു.
സുൽത്താൻ ഖാബൂസ് ഹൈവേയിൽ അൽ ഖുവൈർ ഭാഗങ്ങളിലെ റോഡുകൾക്കിരുവശവുമുള്ള മരങ്ങൾ ബഹുവർണ വിളക്കുകൾകൊണ്ട് അലങ്കരിച്ചത് മനോഹര കാഴ്ചയാണ്. രാത്രി കാലങ്ങളിൽ ഈ വിളക്കുകൾ മിഴി തുറക്കുന്നതോടെ പ്രധാന റോഡുകളും പരിസരവും മൂവർണ വെളിച്ചത്തിൽ കുളിച്ചിരിക്കും.
റോയൽ ഒപേറ ഹൗസിന് മുൻ വശവും മനോഹരമായ അലങ്കാര വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന കമ്പനികളും സ്ഥാപനങ്ങളും ദേശീയ ദിനത്തിന്റെ ഭാഗമായി ദീപാലങ്കാരം നടത്തിയിട്ടുണ്ട്. പല കെട്ടിടങ്ങളും ഏറെ മനോഹരമായാണ് അലങ്കരിച്ചിരിക്കുന്നത്. കെട്ടിടങ്ങളിൽ ഒമാന്റെ പതാകയുടെ നിറങ്ങൾ പ്രകാശിപ്പിക്കുന്നുണ്ട്.
മത്ര അടക്കമുള്ള മാർക്കറ്റുകളിൽ ദേശീയ ദിനത്തിന്റെ കൊടികളും തോരണങ്ങളും അലങ്കാരങ്ങളും വിൽപനക്കെത്തിയിട്ടുണ്ട്. ഈ വർഷം മുൻ വർഷങ്ങളെക്കാൾ ഇത്തരം ഉൽപന്നങ്ങളുടെ വിൽപനയിൽ നല്ല വർധവുള്ളതായി വ്യാപാരികൾ പറയുന്നു.
ഈ വർഷം നിരവധി അലങ്കാര വസ്തുക്കളും മറ്റും എത്തിയിട്ടുണ്ടെന്നും ഇവക്ക് ആവശ്യക്കാർ കൂടുതലാണെന്നും ഇത്തരം അലങ്കാര ഉൽപന്നങ്ങളുടെ മൊത്ത വ്യാപാര സ്ഥാപനമായ അമൽ പയനീയേഴ്സിന്റെ മാനേജിങ് ഡയറക്ടർ കെ.പി. റാസിഖ് എടക്കാട് പറഞ്ഞു.
ഷാളുകൾ, ടി ഷർട്ടുകൾ, കൊടികൾ തോരണങ്ങൾ എന്നിവക്കാണ് ആവശ്യക്കാർ കൂടുലെന്നും അദ്ദേഹം പറഞ്ഞു. മുടിക്കുത്തികൾ അടക്കമുള്ള നിരവധി ദേശീയ ദിന ഉൽപന്നങ്ങളും ഈ വർഷം വിപണിയിലുണ്ട്. ഇത്തരം ഉൽപന്നങ്ങൾക്ക് മുൻ വർഷത്തെക്കാൾ 40 ശതമാനം ആവശ്യക്കാർ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ദിനത്തിന്റെ ഭാഗാമയി വാഹനങ്ങൾ അലങ്കരിക്കലും പൊതുവെ കൂടുതലാണ്. വാഹനങ്ങൾ അലങ്കരിക്കുന്നവർ ലളിതമായ രീതിയാണ് ഈ വർഷം പലരും അലങ്കാരം നടത്തുന്നത്. മുൻ കാലങ്ങളിലുള്ളതുപോലെ വാഹനങ്ങൾ വിപുലമായി അലങ്കരിക്കുന്ന പതിവ് ഈ വർഷമില്ല.
വാഹനങ്ങളിലെ കൊടികളും ഭരണാധികാരിയുടെ ചിത്രവും മറ്റു ദേശീയ ചിഹ്നങ്ങളും ലളിതമായി അലങ്കരിക്കുന്ന രീതിയാണ് ഈ വർഷമുള്ളത്. വാഹനങ്ങളിൽ ഒമാനി പതാകകൾ കെട്ടുന്നുമുണ്ട്. ദേശീയ ദിനത്തിന്റെ ഭാഗമായി സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്ല രീതിയിൽ അലങ്കരിച്ചിട്ടുണ്ട്.
കൊടികളും തോരണങ്ങളും വിവിധ തരം ബാനറുകളും കൊണ്ടാണ് സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അലങ്കരിച്ചിരിക്കുന്നത്. നിരവധി സ്ഥാപനങ്ങളും കമ്പനികളും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വിമാന കമ്പനികൾ വൻ ടിക്കറ്റ് ഇളവാണ് നൽകുന്നത്.
ഇതിൽ ഒമാൻ എയർ യുറോപ്യൻ രാജ്യങ്ങളിലേക്കടക്കം സ്വപ്ന തുല്യമായ ഓഫറുകളാണ് നൽകുന്നത്. ഒമാനിലെ ടെലഫോൺ കമ്പനികളും വൻ ഡാറ്റ ഓഫറുകൾ നൽകുന്നത്. വ്യാപാര സ്ഥാപനങ്ങളും ഹൈപർമാർക്കറ്റുകളും ദേശീയ ദിന ഓഫറുകൾ പ്രഖ്യപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.