മസ്കത്ത്: പുതുതായി 2,303 ആളുകൾക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എട്ട് ആളുകൾ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 4,188 ആയി. 3,56,900 ആളുകൾക്കാണ് ഇതുവരെ മഹാമാരി പിടിപെട്ടത്. കഴിഞ്ഞ ദിവസം 1532പേർക്ക് കൂടി അസുഖം ഭേദമായി. 92.4 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ 3,29,747 പേർക്കാണ് രോഗം മാറിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 104 രോഗികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 409 ആയി. ഇതിൽ 69പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
ഈ മാസം ഇതുവരെ 20,000ൽ അധികപേർക്കാണ് കോവിഡ് ബാധിച്ചത്. 14,000 ഓളംപേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. നിലവിൽ 22,965 ആളുകളാണ് സുൽത്താനേറ്റിൽ കോവിഡ് ബാധിതരായി കഴിയുന്നത്. മരണനിരക്കും ആശുപത്രിവാസവും മുകളിലോട്ട് തന്നെ കുതിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ 99 ശതമാനവും ഒമിക്രോൺ മൂലമാണെന്ന് കണ്ടെത്തിയിരുന്നു. കോവിഡിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്. ഈയൊരു സാഹചര്യം മുന്നിൽ കണ്ടാണ് കോവിഡ് അവലോകന സുപ്രീംകമ്മിറ്റി ജനുവരി 21ന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കോവിഡിനെതിരെ ബൂസ്റ്റർ ഡോസടക്കമുള്ള വാക്സിനേഷൻ നടപടികൾ വിവിധ ഗവർണറേറ്റുകളിൽ ഊർജിതമായി നടന്നു വരുകയാണ്. അതേസമയം, കോവിഡ് കുട്ടികളിലും വ്യാപിക്കുന്നുണ്ട്. ഒരു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നിരവധി കുട്ടികൾ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്ന് ഒമാൻ ടി.വി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ശിശുരോഗ വിഭാഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ പ്രായം ഒരു മാസം മുതൽ 16 വയസ്സ് വരെയുള്ളവരാണ്.
കോവിഡ് കാരണം പല കുട്ടികൾക്കും വിട്ടുമാറാത്ത അസുഖങ്ങളുണ്ട്. ഇത് കുട്ടികളുടെ കാര്യത്തിൽ സങ്കീർണതയുണ്ടാക്കുന്നുണ്ടെന്ന് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ പിഡിയാട്രിക് ഇന്റൻസീവ് കെയർ സീനിയർ കൺസൾട്ടന്റ് ഡോ. റഗദ് അൽ അബ്ദുവാനി പറഞ്ഞു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.