ഒരാൾകൂടി മരിച്ചു •രോഗബാധിതർ 15,000ലധികം പേർ
മസ്കത്ത്: മാസങ്ങളുടെ ഇടവേളക്ക് ശേഷം പ്രതിദിന കേസുകൾ രണ്ടായിരവും കടന്ന് കോവിഡ്. കഴിഞ്ഞ ദിവസം 2079 ആളുകൾക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാൾ മരിച്ചു. ആകെ 3,26,164 പേർക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. 599 പേർക്ക് രോഗം ഭേദമായി.
ഇതോടെ സുഖപ്പെട്ടരുടെ എണ്ണം 3,07,003 ആയി ഉയർന്നു. 94.1 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ 4130 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 199 ആയി. ഇതിൽ 26 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ 15,031 ആളുകളാണ് കോവിഡ് ബാധിതരായി കഴിയുന്നത്.
നിയന്ത്രണങ്ങൾക്കിടയിലും കോവിഡ് കേസ് മുകളിലോട്ട് കുതിക്കുകയാണ്. രോഗവ്യാപനത്തിനൊപ്പം മരണങ്ങളും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും കാര്യങ്ങളെ സങ്കീർണമാക്കാനാണ് സാധ്യത. കഴിഞ്ഞ ഒരാഴ്ചക്കിടെ 10 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ദൈനംദിന കേസുകൾ കുതിക്കുമ്പോഴും മരണനിരക്ക് കുറവാണെന്നുള്ളത് ആശ്വാസം നൽകുന്ന ഘടകമായിരുന്നു. നിലവിൽ ദിനേനയെന്നോണം മരണം രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ 11,000ന് മുകളിലാണ് കോവിഡ് ബാധിച്ചവരുടെ കണക്ക്.
4241 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധന മുന്നിൽ കണ്ട് അധികൃതർ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ഇക്കാര്യത്തിൽ ഭയപ്പെടാനുള്ള സാഹചര്യമില്ല എന്നാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
കോവിഡ് വ്യാപനം മുന്നിൽ കണ്ട് കർശന നിയന്ത്രണമാണ് രാജ്യത്ത് ഏർപ്പെടുത്തിയത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിച്ചാൽ മതിയെന്ന് കോവിഡ് അലോകന സുപ്രീം കമ്മിറ്റി നിർദേശം നൽകി. മസ്ജിദുകളിൽ വെള്ളിയാഴ്ച പ്രാർഥനക്ക് നിയന്ത്രണം ഏർപ്പെടുത്തി. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. രാജ്യത്തെ കോവിഡ് കേസുകളിൽ 99 ശതമാനവും ഒമിക്രോൺ മൂലമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.